ന്യൂഡൽഹി: ഇടത്തരക്കാർക്ക് പുതിയ കരുത്ത് നൽകുന്ന ബജറ്റാണിതെന്ന പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഒരു പുതിയ അളവുകോൽ നൽകുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ആദിവാസി സമൂഹത്തെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കാൻ ശക്തമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
ചെറുകിട വ്യാപാരികൾക്കും എംഎസ്എംഇഎസിനും ഈ ബജറ്റ് പുരോഗതിയുടെ പുതിയ പാത നൽകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമ്മാണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ബജറ്റിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഇത് സാമ്പത്തിക വികസനത്തിന് പുതിയ ഉണർവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് നിർമ്മാണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഊന്നൽ നൽകുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ബജറ്റ് യുവാക്കൾക്ക് നിരവധി പുതിയ അവസരങ്ങൾ തുറന്ന് നൽകുമെന്നും അഭിപ്രായപ്പെട്ടു.