Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

ഡോ: രാകേഷ് കൃഷ്ണൻ
അസോ. പ്രൊഫസർ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കുസാറ്റ്

സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്ന പ്രധാന മേഖലകളായ കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി എന്നിവയിൽ വലിയ മുന്നേറ്റത്തിന് കളമൊരുക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെന്നത് വസ്തുതയാണ്. ഒരു വികസിത രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ വളരുന്നതിൽ നിർണായക പങ്ക് വഹിക്കേണ്ട ഈ മേഖലകൾക്ക് ശക്തമായ ഊന്നൽ ബജറ്റിൽ നൽകേണ്ടിയിരുന്നു.

മൂലധന ചെലവിന്റെ കാര്യത്തിൽ ആശാവഹമായ പുരോഗതി ബജറ്റിൽ ദൃശ്യമാണ്. മുൻ വർഷത്തെ വിഹിതം നിലനിർത്തുമ്പോൾ തന്നെ സംസ്ഥാനങ്ങൾക്കായി ഒന്നര ലക്ഷം കോടി രൂപയോളം ദീർഘകാല വായ്പ പാക്കേജുകൾ എന്ന നിലയിൽ വകയിരുത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ മൂലധന ചെലവിൽ 10% ത്തിലധികം വർദ്ധന മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുണ്ട്. ഒപ്പം 50 വർഷം വരെയുള്ള ദീർഘ കാലാവധിയിൽ പ്രധാന പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് നൽകുന്ന ഈ വായ്പയുടെ ഒരു ഭാഗം ബാങ്കുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതുവഴി ഇത്തരത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മെക്കാനിസവും സാധ്യമാവുകയാണ്. ഇതൊരു നേട്ടം തന്നെയാണ്.

മധ്യവർത്തി വരുമാനക്കാർക്ക് വൻ തോതിൽ നികുതി ഇളവുകൾ ലഭ്യമാക്കി കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം എടുത്തു പറയേണ്ട കാര്യമാണ്. വരുമാനത്തിൽ ഒരു ലക്ഷം കോടിയോളം വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഈ ഗവൺമെൻറ് നീക്കം ഒരു ധീരമായ പരീക്ഷണം തന്നെയാണ്. സാഹചര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ ഇത് ജനങ്ങളുടെ കയ്യിൽ ഡിസ്പോസബിൾ വരുമാനമായി ലഭിക്കുകയും അതുവഴി ഉപഭോഗം വർദ്ധിക്കുകയും പരോക്ഷ നികുതി വർദ്ധനയിലൂടെ ഗവൺമെന്റിന് നേട്ടമുണ്ടാവുകയും ചെയ്യും.

അതിബൃഹത്തായ ജനസംഖ്യയുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ പ്രായോഗികമായി ഏറ്റവും മികച്ച മാർഗം ആണവോർജം തന്നെയാണെന്ന് ബജറ്റ് വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഉൽപാദനത്തിന് ശ്രദ്ധേയമായ ഒരു വിഹിതം നീക്കി വെച്ചിട്ടുള്ളത്.

ബജറ്റിനെ വിമർശനാത്മകമായി വിലയിരുത്തിയാൽ സംസ്ഥാനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിന്റെ കാര്യത്തിൽ വലിയ തോതിൽ അസമത്വം ദൃശ്യമാകുന്നുണ്ട്. ചില സംസ്ഥാനങ്ങൾ ബജറ്റിൽ അവഗണിക്കപ്പെടുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾക്ക് മുന്തിയ പരിഗണന ലഭിക്കുന്ന സാഹചര്യമുണ്ട്. വിഭവ വിതരണത്തിലെ ഇത്തരമൊരു അസമത്വം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്.

കേരളത്തിന്റെ കാര്യത്തിൽ ജിഡിപിയിലെ ഒരു പ്രധാന മേഖല എന്ന നിലയിൽ എക്സ്പോർട്സ് ബജറ്റിൽ ഇടം നേടേണ്ടിയിരുന്നു. എന്നാൽ സംസ്ഥാനം അർഹിക്കുന്നത് ബജറ്റിൽ നിന്ന് ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. രാജ്യത്തിന് തന്നെയും കയറ്റുമതി രംഗത്ത് നിർണായക പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖത്തിന് പോലും ബജറ്റിൽ പരിഗണന ലഭിച്ചില്ലെന്നത് നിരാശജനകമാണ്.

ടൂറിസം മേഖലയ്ക്കായി ബജറ്റിൽ ഒട്ടേറെ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ ഉണ്ടായപ്പോഴും ഒരു ദുരന്തത്തെ അതിജീവിച്ച് തിരിച്ചുവരവിന് ശ്രമിക്കുന്ന വയനാട് അവഗണിക്കപ്പെട്ടത് നിരാശജനകമായി.
ആഭ്യന്തര ടൂറിസ്റ്റുകൾക്കും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും പ്രിയപ്പെട്ട ഇടമായിരുന്ന വയനാടിനെ കഴിഞ്ഞ വർഷത്തെ പ്രകൃതിദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിൽ പരിഗണിക്കേണ്ടിയിരുന്നു. യഥാർത്ഥത്തിൽ ഒരു സ്പെഷ്യൽ പാക്കേജ് സംബന്ധിച്ചുള്ള പ്രഖ്യാപനം ബജറ്റിൽ വയനാട് അർഹിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.

X
Top