Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സമ്പദ്‌വ്യവസ്ഥയെ ആകമാനം സ്പർശിക്കുന്ന തികവുറ്റ ബജറ്റ്

മാധവൻകുട്ടി ജി
(ചീഫ് ഇക്കണോമിസ്റ്റ് – കാനറ ബാങ്ക്)

സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സാമ്പത്തിക അച്ചടക്കവും തുലനം ചെയ്തുകൊണ്ടുള്ള ഒരു മികച്ച ബജറ്റ് തന്നെയാണ് 2024-2025 സാമ്പത്തിക വർഷത്തിലേത്. വരും വർഷത്തിൽ ധന കമ്മി 4.4 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് വരികയെന്ന ലക്ഷ്യവും പ്രശംസനീയമാണ്. രാജ്യത്തെ ബോണ്ട് വിപണിക്കും ബാങ്കിംഗ് മേഖലയ്ക്കും ഇത് ഗുണകരമാവുമെന്നതിൽ സംശയമില്ല. പലിശ നിരക്കുകൾ കുറയാനും ബാങ്കുകൾക്ക് ക്രെഡിറ്റ് ലഭ്യത എളുപ്പമാക്കാനും ഇത് ഉപകരിക്കും. മൂലധന ചെലവിന് ബജറ്റ് നൽകിയിരിക്കുന്ന ഫോക്കസ് ശ്രദ്ധേയമാണ്. മുൻപ് പലപ്പോഴും പൊതു മൂലധന ചെലവ് ഇത്തരത്തിൽ വേണ്ടത്ര വകയിരുത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലും ബജറ്റിൽ വകയിരുത്തിയിട്ടും യഥാർത്ഥത്തിൽ വേണ്ടത്ര മൂലധന ചെലവ് സാധ്യമാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. അത് ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഗവണ്മെന്റിനുണ്ട്. അതിന് കഴിഞ്ഞില്ലെങ്കിൽ ജിഡിപി വളർച്ചയെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

ഇൻഫ്‌ളേഷൻ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നോമിനൽ ജിഡിപി വളർച്ച നിരക്ക് 10.1% ആയി എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ഫിനാൻഷ്യൽ സെക്ടറിൽ, പ്രത്യേകിച്ച് ബാങ്കിംഗ് സെക്ടറിൽ വിഭവ സമാഹരണത്തിന്റെ തോത് ചുരുങ്ങിയത് മേൽപറഞ്ഞ തോതിലാകും സംഭവിക്കുക. ഇത് ഇക്കോണമിയെ സംബന്ധിച്ച് പോസിറ്റീവ് ആയിത്തന്നെ വിലയിരുത്താം. കൃഷി, മാനുഫാക്ച്ചറിങ്, എംഎസ്എംഇ, ക്ലീൻ എനർജി തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ നല്ല പ്രാധാന്യം ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗിഫ്റ്റ് സിറ്റിയും ഈസ് ഓഫ് ഡൂയിങ് ബിസിനസ് കാഴ്ചപ്പാടോടെ ബജറ്റിൽ ശ്രദ്ധ നേടുന്നു. സംസ്ഥാന സർക്കാരുകൾക്ക് 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത സഹായ പാക്കേജ് മുൻ ബജറ്റിലെ പ്രഖ്യാപനത്തിന്റെ തുടർച്ചയായി ഈ ബജറ്റിലും ഇടം നേടിയിട്ടുണ്ട്.

ബജറ്റിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം മിഡിൽ ക്ലാസ് വിഭാഗത്തെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ടാക്സ് സ്ളാബ് പരിഷ്കരണവും നികുതിയിളവും തന്നെയാണ്. ഇത് രാജ്യത്തെ കൺസ്യൂമർ സ്‌പെൻഡിങ് ശക്തമാക്കും. കഴിഞ്ഞ വർഷം രാജ്യത്തെ 7.5 കോടിയോളം വരുന്ന ആദായനികുതി ദാതാക്കളിൽ 87 ശതമാനത്തോളം പേരും 12.75 ലക്ഷമെന്ന പുതിയ നികുതി സ്ലാബിനു കീഴിൽ വരുന്നവരാണ്. ഇത്തരത്തിൽ ഡിസ്പോസബിൾ ഇൻകം ഉയരുന്നത് രാജ്യത്തെ ലെൻഡിംഗ് മേഖലയ്ക്ക് ഗുണകരമാവും. വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവരുടെ കൈയിൽ കൂടുതൽ വരുമാനമെത്തുമ്പോൾ അവർ തീർച്ചയായും അതിന് തയാറാകും.

ഇത്തരത്തിൽ വിലയിരുത്തുമ്പോൾ ഇക്കോണമിക്കും ധനകാര്യ മേഖലയ്ക്കും പൊതുവെ ഗുണകരമായ ബജറ്റ് തന്നെയാണിത്. അതേസമയം ധന കമ്മി 4.4 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് ഗവണ്മെന്റ് അവകാശപ്പെടുമ്പോൾ അതെങ്ങനെ സാധിക്കുമെന്നത് വെല്ലുവിളിയാണ്; പ്രത്യേകിച്ച് പുതിയ നികുതി ഇളവുകളിലൂടെ ഗവണ്മെന്റിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമ്പോൾ! ഒരു പക്ഷേ റിസർവ് ബാങ്കിന്റെ മികച്ച ഡിവിഡൻഡും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉയർന്ന ലാഭവിഹിതവുമാകും ഗവൺമെന്റിന് വലിയ പ്രതീക്ഷ നൽകുന്ന ഘടകം.

ഒരു പക്ഷെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സമ്പദ്‌വ്യവസ്ഥയിലെ വിവിധ ഘടകങ്ങളെ മികച്ച രീതിയിൽ ഉൾക്കൊള്ളുന്ന ഒരു ബജറ്റാകും ഇത്തവണത്തേത്.

X
Top