
മുംബൈ: രാജ്യത്തെ ഓഹരി സൂചികകളുടെ ചലനരീതിയില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. കനത്ത ഇടിവിന്റെ ഒരു ദിനം കഴിഞ്ഞാല്‍ അടുത്ത ദിവസം നേട്ടത്തിന്റേതാകുമായിരുന്നു.
റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ ഇടപെടലായിരുന്നു അതിന് പിന്നില്‍.
അതില്‍നിന്ന് വ്യത്യസ്തമായി വിപണിയില്‍ കരടികളുടെ വിളയാട്ടം തുടങ്ങിയോ? എക്കാലത്തെയും ഉയർന്ന നിലവാരമായ 26,277 ല്‍നിന്ന് നിഫ്റ്റിക്ക് 10 ശതമാനത്തോളം നഷ്ടമായിരിക്കുന്നു. സെൻസെക്സിനാകട്ടെ 8,000 പോയന്റും.
ഉയർന്ന നിലവാരത്തില്‍നിന്ന് 20 ശതമാനമെങ്കിലും സൂചികകള്‍ ഇടിവ് നേരിട്ടാലാണ് വിപണി കരടികളുടെ പിടിയിലകപ്പെട്ടതായി സാങ്കേതികമായി വിലയിരുത്താറുള്ളത്. സൂചികകളില്‍ അതിന് സമാനമായ ഇടിവുണ്ടായിട്ടില്ലെങ്കിലും ഓഹരികളില്‍ അതിലുമപ്പുറം സംഭവിച്ചിരിക്കുന്നു. 1,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള ആയിരത്തോളം ഓഹരികള്‍ക്ക് വിപണി മൂല്യത്തില്‍നിന്ന് 20 ശതമാനത്തോളം ഇതിനകം നഷ്ടമായി.
രണ്ട് മാസം മുമ്ബ് സെപ്റ്റംബർ 27ന് ആണ് സെൻസെക്സ് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 85,978ലെത്തിയത്. ബുധനാഴ്ച 1000 പോയന്റുകൂടി ഇടിഞ്ഞപ്പോള്‍ സെൻസെക്സ് 77,750ന് താഴെയെത്തിയിരിക്കുന്നു. നിഫ്റ്റിയാകട്ടെ 23,632ലേക്കെത്തുകയും ചെയ്തു.
ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വിദേശികള്‍ വിറ്റൊഴിയല്‍ നിർത്തിയിട്ടില്ല. കുറഞ്ഞ മൂല്യവും ഉത്തേജന നടപടികളും അവരെ ചൈനയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു.
ഒക്ടോബർ മുതല്‍ ഇതുവരെ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയില്‍നിന്ന് 1.20 ലക്ഷം കോടി രൂപ പിൻവലിച്ചതായാണ് കണക്ക്. രണ്ടാം പാദത്തിലെ കമ്ബനികളുടെ പ്രവർത്തന ഫലങ്ങളാണ് മറ്റൊരു പ്രധാന കാരണം. ഉയർന്ന മൂല്യത്തെ പിന്തുണക്കുന്നതായിരുന്നില്ല പുറത്തുവന്ന ലാഭ കണക്കുകള്‍.
ഡോളറിന്റെ കുതിപ്പും 10 വർഷ യുഎസ് കടപ്പത്ര ആദായം 4.42 ശതമാനത്തിലേയ്ക്ക് ഉയർന്നതും കൂടുതല്‍ ആശങ്കയുയർത്തുന്നു. ചൈനയിലേക്കുള്ള ഒഴുക്കിനൊപ്പം താരതമ്യേന സുരക്ഷിതമായ കടപ്പത്രങ്ങളിലേയ്ക്കും വിദേശ നിക്ഷേപം വഴിതിരിഞ്ഞൊഴുകും.
ബുധനാഴ്ച സംഭവിച്ചത്
പതിവുപോലെ കനത്ത വില്പന സമ്മർദമാണ് ബുധനാഴ്ചയും വിപണിയെ ബാധിച്ചത്. ഇടത്തരം ചെറുകിട ഓഹരികളോടൊപ്പം വൻകിട ഓഹരികളും കടപുഴകി. മിഡ്, സ്മോള്‍ ക്യാപ് സൂചികകള്‍ 2.5 മുതല്‍ മൂന്ന് ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. സാങ്കേതികമായി ഇത് തിരുത്തിലിനെ സൂചിപ്പിക്കുന്നു. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് വിപണി കനത്ത തകർച്ച നേരിടുന്നത്.
പണപ്പെരുപ്പം തിരിച്ചടി
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം 14 മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയത് വിപണിക്ക് തിരിച്ചടിയായി. ഡിസംബറിലെ ആർബിഐയുടെ പണനയ യോഗത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതാണ് വിപണിയെ ബാധിച്ചത്.
ട്രംപിന്റെ വിജയം
നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ പണപ്പെരുപ്പം കൂട്ടാനിടയാക്കുമെന്ന ആശങ്ക വിപണിയില്‍ വ്യാപകമായിട്ടുണ്ട്. വില്പന സമ്മർദത്തിന് ഇതിടയാക്കുമെന്നും നിരക്ക് കുറയ്ക്കലിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ഏഷ്യൻ വിപണികളെ ഇത് കാര്യമായി ബാധിച്ചേക്കാം.
സ്വിഗ്ഗ്വിയുടെ നേട്ടം
പ്രതികൂല ഘടകങ്ങള്‍ക്കിടെയും സ്വിഗ്ഗിയുടെ ലിസ്റ്റിങ് ആണ് ചെറുതെങ്കിലും വിപണിയില്‍ അനുകൂല തരംഗമുണ്ടാക്കിയത്. ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള വ്യാപാരത്തിനിടെ ഓഹരി വില 15 ശതമാനം ഉയർന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലെത്തി.