
മുംബൈ: മ്യൂച്വൽ ഫണ്ടിനും പിഎംഎസിനും ഇടയിൽ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കാൻ സെബി. പ്രവർത്തനരീതി ഘടനാപരമായി മ്യൂച്വൽ ഫണ്ടുകളെ പോലെയാകുമെങ്കിലും മിനിമം നിക്ഷേപ തുക 10 ലക്ഷമെങ്കിലും നിശ്ചയിക്കാനാണ് ലക്ഷ്യമിടുന്നത്.
പിഎംഎസിന്(പോർട്ഫോളിയോ മാനേജുമെന്റ് സർവീസ്)നിലവിൽ ചുരുങ്ങിയ നിക്ഷേപം 50 ലക്ഷം രൂപയാണ്. ഉയർന്ന റിസ്കും കൂടുതൽ തുകയുടെ നിക്ഷേപവും ലക്ഷ്യമിടുന്നവർക്ക് അനുയോജ്യമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തൽ.
അനധികൃത നിക്ഷേപ പദ്ധതികൾ തടയാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ സ്കീം അവതരിപ്പിക്കുന്നത്.
10,000 കോടി രൂപയുടെ നിക്ഷേപ ആസ്തി(എയുഎം)യുള്ള മ്യൂച്വൽ ഫണ്ടുകളെ സ്കീം തുടങ്ങാൻ അനുവദിക്കും. 5,000 കോടി രൂപയുടെ ആസ്തിയും പത്ത് വർഷത്തെ പ്രവർത്തന പരിചയമുള്ള എഎംസികളെയും പരിഗണിച്ചേക്കും.
ഹെഡ്ജിങ്, പോർട്ട്ഫോളിയോ റീബാലൻസിങ് എന്നിവ ഒഴികെയുള്ള ആവശ്യങ്ങൾക്കായി ഡെറിവേറ്റീവ് ഇടപാടുകളും നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. ഹ്രസ്വ-ദീർഘ കാല ഇക്വിറ്റി ഫണ്ടുകളും ഇടിഎഫുകളും ഉൾപ്പെടുന്ന നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താം.
എസ്ഐപി, എസ്ഡബ്ല്യുപി, എസ്ടിപി എന്നീ സൗകര്യങ്ങളും പദ്ധതിയിൽ ഉണ്ടാകും.
മ്യൂച്വൽ ഫണ്ടുകൾക്ക് നിലവിൽ ബാധകമായ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പുതിയ പദ്ധതിയിൽ അനുവദിച്ചേക്കും.
ഡെറ്റ് പദ്ധതികളിലും റീറ്റ്സുകളിലും ഇൻവിറ്റുകളിലും അനുവദിച്ചിട്ടുള്ള നിക്ഷേപ പരിധിയില്‍ ഉള്‍പ്പടെ മാറ്റമുണ്ടായേക്കാം.