അദാനിക്കും മറ്റ് 7 പേർക്കുമെതിരെ അമേരിക്കയിലെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ചുമത്തിയ കേസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡോണൾഡ് ട്രംപിൻ്റെ അനുകൂലിയും റിപബ്ലിക്കൻ പാർട്ടിയുടെ യുഎസ് കോൺഗ്രസ് അംഗവുമായ ലാൻസ് കാർട്ടർ ഗൂഡൻ.
ഇന്ത്യയിൽ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കൈക്കൂലി നൽകി സോളാർ പദ്ധതികൾ സ്വന്തമാക്കിയെന്നും ഇത് ചൂണ്ടിക്കട്ടി അമേരിക്കയിലെ നിക്ഷേപകരെ പറ്റിച്ച് നിക്ഷേപം നേടിയെന്നുമാണ് അദാനിക്കും കൂട്ടർക്കും എതിരായ കേസിലെ ആരോപണം.
ആന്ധ്ര, തമിഴ്നാട്, തെലങ്കാന, തമിഴ്നാട്, ബീഹാർ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾക്ക് 265 ദശലക്ഷം ഡോളർ കൈക്കൂലി നൽകി എന്നാണ് കേസിൽ പറയുന്നത്. ന്യൂയോർക്കിലെ ഈസ്റ്റൻ ജില്ലാ കോടതിയിൽ 2024 നവംബർ 20ന് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിലെ വിവരങ്ങളെയാണ് റിപ്പബ്ലിക്കൻ നേതാവ് വിമർശിക്കുന്നത്.
ബിസിനസ് സംരഭകരെ ദ്രോഹിക്കുന്ന നടപടിയാണ് ഇതെന്നും ആയിരക്കണക്കിന് അമേരിക്കക്കാർക്ക് ജോലി നൽകിയ കോടികൾ അമേരിക്കയിൽ നിക്ഷേപിച്ച കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇത്തരം ബിസിനസുകളെ ദോഷകരമായി ബാധിക്കും. ഏഷ്യ പസഫിക് മേഖലയിൽ അമേരിക്കയുടെ വിശ്വസ്ഥ പങ്കാളിയാണ് ഇന്ത്യ.
അതിവേഗം വളരുന്ന ഒരു സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് ഇന്ത്യ. അദാനിക്കെതിരായ നടപടികൾ ഇന്ത്യയുടെ വളർച്ചയെ കൂടെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവിടുത്തെ സർക്കാർ ജീവനക്കാർക്ക് നൽകിയെന്ന് പറയപ്പെടുന്ന പണത്തിന്റെ പേരിലാണ് നടപടി. അമേരിക്കയ്ക്ക് നേരിട്ട് ഇതുമായി ഒരു ബന്ധവുമില്ല.
അമേരിക്കയിൽ ആർക്കെങ്കിലും ഇതിലൂടെ നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നവംബറിൽ 10 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം അമേരിക്കയിൽ നടത്തുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് കേസ് ഉണ്ടായത്.
അതിനുശേഷം ഇതുവരെയായും അമേരിക്കയിൽ നടത്താനിരിക്കുന്ന നിക്ഷേപത്തെക്കുറിച്ച് വിശദമായി ഗൗതം അദാനിയോ അദ്ദേഹത്തിന്റെ കമ്പനിയോ വ്യക്തമാക്കിയിട്ടില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ച ഡൊണാൾഡ് ട്രംപിന് വിജയാശംസകൾ നേർന്നുകൊണ്ടുള്ള എക്സിലെ കുറിപ്പിൽ ആയിരുന്നു അമേരിക്കയിൽ നടത്താനിരിക്കുന്ന വമ്പൻ നിക്ഷേപത്തെക്കുറിച്ച് അദാനി വെളിപ്പെടുത്തിയത്.
ജനുവരി 20ന് ട്രംപ് അധികാരമേറ്റെടുത്ത ശേഷം അമേരിക്കയിൽ നടത്തുന്ന നിക്ഷേപത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാമെന്നാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.