ന്യൂഡല്‍ഹി: കുടുംബനാഥന്റെ (HoF) സമ്മതത്തോടെ ആധാര്‍ കാര്‍ഡ് വിലാസങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ ഉടമകള്‍ക്ക് അവരുടെ കുടുംബനാഥന്റെ സമ്മതത്തോടെ ഓണ്‍ലൈനായി വിലാസം മാറ്റാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചൊവ്വാഴ്ച അറിയിച്ചു.സ്വന്തം പേരില്‍ പിന്തുണാ രേഖകള്‍ ഇല്ലാത്ത കുട്ടികള്‍, പങ്കാളി, മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് സഹായകരമാകുന്ന നീക്കമാണിത്.
വിവിധ ഇടങ്ങളിലേയ്ക്ക് താമസം മാറുന്നവര്‍ക്കും പ്രയോജനപ്പെടും. യുഐഡിഎഐ നിഷ്‌ക്കര്‍ഷിക്കുന്ന സാധുവായ രേഖ ഉപയോഗിച്ച് വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ നിലവില്‍ സാധിക്കും. അതിന് പുറമെയാണ് പുതിയ ഓപ്ഷന്‍.
18 വയസ്സിന് മുകളിലുള്ളവരെ ഈ ആവശ്യത്തിനായി കുടുംബനാഥനായി പരിഗണിക്കും. 50 രൂപയാണ് ഫീസ്. അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കുടുംബനാഥന്‍ മൈ ആധാര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അഭ്യര്‍ത്ഥന അംഗീകരിക്കുകയും സമ്മതം നല്‍കുകയും വേണം.
അതിനുശേഷം അഭ്യര്‍ത്ഥന പ്രോസസ്സ് ചെയ്യും. 30 ദിവസത്തിനുള്ളില്‍ കുടുംബനാഥന്റെ അനുമതി ലഭ്യമായില്ലെങ്കില്‍ അഭ്യര്‍ത്ഥന ക്ലോസ് ചെയ്യപ്പെടും. അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട അറിയിപ്പ് എസ്എംഎസ് വഴി അപേക്ഷകനെ അറിയിക്കുമെന്നും യുഐഡിഎഐ പറയുന്നു.