അബുദാബി: ഗോൾഡൻ വീസ കാലാവധി അബുദാബിയിൽ 10 വർഷമാക്കി ഏകീകരിച്ചു. വിവിധ വിഭാഗങ്ങളിലെ ആഗോള വിദഗ്ധർക്കും ബിസിനസുകാർക്കും 5, 10 വർഷ കാലാവധിയുള്ള 2 ഇനം ദീർഘകാല വീസകളാണ് നേരത്തെ നൽകിയിരുന്നത്.
മികച്ച വിദ്യാർഥികൾക്കും 5നു പകരം 10 വർഷത്തേക്ക് വീസ ലഭിക്കും. ഗോൾഡൻ വീസ ഉടമകളുടെ കുടുംബാംഗങ്ങൾക്ക് പ്രായഭേദമന്യേ തുല്യ കാലയളവിലേക്ക് വീസ കിട്ടും.
അബുദാബി റസിഡന്റ്സ് ഓഫിസിന്റെ അഭ്യർഥനയെ തുടർന്നാണ് വീസ കാലാവധി ഏകീകരിച്ചതെന്ന് ഡയറക്ടർ മാർക്ക് ദോർസി അറിയിച്ചു. വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെയും ഗവേഷകരെയും നിക്ഷേപകരെയും യുഎഇയിലേക്കു ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ദീർഘകാല വീസകൾ നൽകിവരുന്നത്.
ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, കലാ, കായിക താരങ്ങൾ തുടങ്ങി ഒട്ടേറെ വിഭാഗക്കാർക്ക് ഗോൾഡൻ വീസ നൽകിവരുന്നു.
വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 6 മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയും നൽകും. ഗോൾഡൻ വീസക്കാർക്ക് 6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്തു താമസിച്ചാലും വീസ റദ്ദാകില്ല.
സ്‌പോൺസർ മരിച്ചാലും കുടുംബാംഗങ്ങൾക്ക് വീസാ കാലാവധി തീരുന്നതുവരെ രാജ്യത്ത് തുടരാം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളുമുണ്ട്.