
ചുട്ടുപൊള്ളുകയാണ് കേരളത്തിലെ രാപകലുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോഡ് പ്രകാരം രാജ്യത്ത് സമതലപ്രദേശങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് ഏതാനും ദിവസങ്ങളിലായി കേരളത്തിലാണ്. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുന്നു.
വേനൽ ചൂട് പതിവിലും നേരത്തേയെത്തിയപ്പോൾ സംസ്ഥാനത്തെ എയർകണ്ടീഷണർ(എ.സി) വിപണിക്കും ചൂട് പിടിക്കുകയാണ്. മാർച്ച് മുതൽ മേയ് വരെയായിരുന്നു സാധാരണ എ.സി വിൽപനയുടെ സീസൺ.
കഴിഞ്ഞ വർഷത്തോടെ ഇത് ഫെബ്രുവരിയിലും ഇത്തവണ ജനുവരി മുതലുമായി മാറിയിരിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. മുൻകാലങ്ങളിൽനിന്ന് വിപരീതമായി കൂടുതൽ ആളുകൾ വീടുകളിൽ എ.സി ഉപയോഗിക്കാൻ ആരംഭിച്ചിട്ടുമുണ്ട്.
ഇതോടെ ഓഫറുകളുമായി കമ്പനികളും വ്യാപാരസ്ഥാപനങ്ങളും രംഗത്തെത്തി. ഒരു വീട്ടിലെ ഒരു മുറിയിൽ മാത്രം എ.സി എന്നതിനും മാറ്റം വരുകയാണ്. ഒന്നിലധികം മുറികളിലേക്കും വ്യാപാര സ്ഥാപനങ്ങൾ പൂർണമായും എയർ കണ്ടീഷൻ എന്ന നിലയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.
ഉപകരണങ്ങളുടെ വിപണിയിൽ ഈവർഷത്തെ നമ്പർ വൺ കാറ്റഗറി എ.സിയാണെന്ന് വ്യാപാരികൾ പറയുന്നു. ശരാശരി മൂന്നര ലക്ഷം എ.സി കേരളത്തിൽ പ്രതിവർഷം വിൽക്കുന്നതായാണ് കണക്ക്.
ഈ വർഷം അത് നാലര ലക്ഷമായി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. നഗരങ്ങളിലേതിനെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിൽ എ.സിയുടെ വിൽപന വലിയ തോതിൽ വർധിച്ചു. നഗരങ്ങളിൽ 40 മുതൽ 45 ശതമാനം വരെ വിൽപന കൂടിയപ്പോൾ ഗ്രാമീണ മേഖലയിൽ 150 ശതമാനമാണ് വർധന രേഖപ്പെടുത്തുന്നതെന്ന് വൈറ്റ് മാർട്ട് മാനേജിങ് ഡയറക്ടർ ജെറി മാത്യു പറഞ്ഞു.
ഒരുകാലത്ത് സാധാരണക്കാർക്ക് അന്യമായിരുന്ന എയർ കണ്ടീഷണറുകൾ ഇന്ന് എല്ലാവരിലേക്കും എത്തിയിരിക്കുന്നുവെന്നാണ് വിലയിരുത്തൽ.
എ.സിക്ക് ഏറ്റവുമധികം ഓഫർ ലഭിക്കുന്നത് ഈ സീസണിലാണ്. 25000 രൂപ മുതൽ എ.സി ലഭ്യമാണ്. എങ്കിലും ഗുണമേന്മ കണക്കാക്കുമ്പോൾ, 28,000 രൂപ മുതൽ മുകളിലേക്ക് വിലയുള്ള എയർ കണ്ടീഷണറുകളാണ് വിദഗ്ധർ നിർദേശിക്കുന്നത്.
സ്റ്റാർ റേറ്റിങ് കൂടിയ എ.സി അന്വേഷിച്ചാണ് ഉപഭോക്താക്കളിൽ കൂടുതലും എത്തുന്നത്. 33 മുതൽ 54 ശതമാനം വരെ കിഴിവുകൾ വിവിധ വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് സൗജന്യ ഇൻസ്റ്റലേഷനും ലഭ്യമാക്കുന്നുണ്ട്.
തവണവ്യവസ്ഥയിൽ വാങ്ങുന്നതിനും സൗകര്യമുണ്ട്. നിലവിൽ 65 ശതമാനത്തോളം ഉൽപന്നങ്ങൾ ഇത്തരത്തിൽ ഇ.എം.ഐ വ്യവസ്ഥയിലാണ് വിൽപന നടക്കുന്നത്.
ഒരുമിച്ച് തുക കൈയിലില്ലാത്തപ്പോഴും ആവശ്യസമയത്ത് ഉൽപന്നം സ്വന്തമാക്കാനാകുന്നുവെന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.