ബംഗളൂരു: ഇന്ത്യന്‍ ജനതയിലെ പകുതിയോളം സജീവ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളായി മാറിയെന്ന് സര്‍വെ റിപ്പോര്‍ട്ട്.
മാസത്തില്‍ ഒരു തവണയെങ്കിലും ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യുന്ന 75.9 കോടി പൗരന്മാരാണ് 2022ലെ കണക്കു പ്രകാരം ഇന്ത്യയിലുള്ളതെന്ന് വ്യവസായ സ്ഥാപനമായ ഐഎഎംഎഐ-യും മാർക്കറ്റ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ കാന്‍തറും ചേര്‍ന്നു തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2025 ഓടെ ഇന്ത്യയിലെ സജീവ ഇന്റർനെറ്റ് അടിത്തറ 90 കോടിയിലേക്ക് എത്തുമെന്നാണ പ്രതീക്ഷിക്കുന്നത്. ഇത് ആദ്യമായാണ് ജനസംഖ്യയുടെ പകുതിയലധികം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
‘സജീവ’ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 39.9 കോടി പേർ ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ്, 36 കോടി പേർ നഗരങ്ങളിൽ നിന്നുള്ളവരാണ്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമീണ ഇന്ത്യയാണ് രാജ്യത്ത് ഇന്റർനെറ്റ് ഉപഭോഗത്തിന്‍റെ വളർച്ചയെ നയിക്കുന്നത് എന്നാണ്.
ഏകദേശം 71 ശതമാനം ഇന്റർനെറ്റ് വ്യാപനമുള്ള അർബൻ ഇന്ത്യ, ഒരു വർഷക്കാലയളവില്‍ 6 ശതമാനം വളർച്ച മാത്രമേ കൈവരിച്ചിട്ടുള്ളൂ, 14 ശതമാനം വളർച്ചാ നിരക്കാണ് ഗ്രാമീണ മേഖലയില്‍ ഉണ്ടായത്.
2025-ഓടെ ഇന്ത്യയിലെ പുതിയ ഇന്റർനെറ്റ് ഉപയോക്താക്കളുടെ 56% ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരായിരിക്കുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ അസമത്വം ഇന്നും നിലനില്‍ക്കുകയാണ്. ജനസംഖ്യയുടെ 32 ശതമാനമാണ് ബീഹാറിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെങ്കില്‍ ഗോവയിലിത് 70% ആണ്.
ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ 54% പുരുഷന്‍മാരാണ്. എങ്കിലും, 2022ലെ എല്ലാ പുതിയ ഉപയോക്താക്കളിൽ 57 ശതമാനവും സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
2025 ആകുമ്പോഴേക്കും പുതിയ ഉപയോക്താക്കളിൽ 65 ശതമാനവും സ്ത്രീകളായിരിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.