
മുംബൈ: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ന്യൂ ഇൻഡസ്ട്രീസും (ANIL) മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസും (ആർഐഎൽ) രണ്ട് കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകൾ വീതം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി വികസനത്തെ കുറിച്ച് അറിയാവുന്ന മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലും ഗുജറാത്തിലുമായി പ്രതിവർഷം 40 ദശലക്ഷം ടൺ (mtpa) ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാൻ അദാനി ന്യൂ ഇൻഡസ്ട്രീസ് പദ്ധതിയിടുന്നു. അതേസമയം ആർഐഎൽ ഇപ്പോഴും സമാനമായ രണ്ട് ശേഷിയുള്ള യൂണിറ്റുകൾക്കായി സ്ഥലം ഔപചാരികമാക്കി കൊണ്ടിരിക്കുകയാണ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ യൂണിറ്റുകൾ നിർമ്മിക്കാൻ കമ്പനികൾ ഓരോന്നിനും 600 കോടി രൂപ വരെ നിക്ഷേപിക്കുമെന്നും, അദാനിയും ആർഐഎല്ലും ഒന്നിലധികം പ്ലാന്റുകളുള്ള സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും ഒരു ഓയിൽ മാർക്കറ്റിംഗ് കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു.
അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അദാനി ന്യൂ ഇൻഡസ്ട്രീസും, ആർഐഎല്ലും തയ്യാറായില്ല. കാർഷിക മാലിന്യങ്ങൾ, കരിമ്പ് പ്രസ്സ് ചെളി, മുനിസിപ്പൽ മാലിന്യങ്ങൾ എന്നിവയെ വായുരഹിതമായി വിഘടിപ്പിച്ചാണ് സിബിജി നിർമ്മിക്കുന്നത്. സിബിജി ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനും പരിഗണിക്കുന്നുണ്ട്. കൂടാതെ ഗാർഹിക ഉപയോഗത്തിനായി പൈപ്പ് വഴിയുള്ള പ്രകൃതി വാതകത്തിന് പകരമായും ഇത് ഉപയോഗിക്കാം.