മുംബൈ: യൂണിവേഴ്‌സൽ ലൈസൻസിന് അപേക്ഷ സമർപ്പിച്ച് അദാനി ഡാറ്റ നെറ്റ്‌വർക്ക്സ്. അടുത്തിടെ സമാപിച്ച ലേലത്തിൽ കമ്പനി സ്‌പെക്‌ട്രം വാങ്ങിയ ആറ് സർക്കിളുകൾക്കായിയുള്ള യൂണിവേഴ്‌സൽ ആക്‌സസ് സർവീസ് ലൈസൻസിനായാണ് (യുഎഎസ്‌എൽ) അദാനി ഡാറ്റ നെറ്റ്‌വർക്ക്സ് അപേക്ഷിച്ചതെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുത്തപ്പോൾ അദാനി എന്റർപ്രൈസസ് യൂണിറ്റ് ലൈസൻസി അല്ലാത്തതിനാൽ, റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിന് കമ്പനിക്ക് ഇപ്പോൾ ലൈസൻസ് അനിവാര്യമാണ്.
ഒരു യൂണിവേഴ്‌സൽ ആക്‌സസ് സർവീസ് ലൈസൻസ് നേടി കഴിഞ്ഞാൽ അദാനി ഡാറ്റ നെറ്റ്‌വർക്ക്സിന് വേണമെങ്കിൽ ആറ് സർക്കിളുകളിലും മൊബിലിറ്റി സേവനങ്ങൾ നൽകാൻ കഴിയും. എന്നിരുന്നാലും, ഉപഭോക്തൃ മൊബിലിറ്റിയിൽ പ്രവേശിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
26 GHz ബാൻഡിൽ (മില്ലിമീറ്റർ വേവ് ബാൻഡ്) 400 MHz സ്പെക്‌ട്രം 212 കോടി രൂപയ്ക്കാണ് കമ്പനി വാങ്ങിയത്. ഇതിലൂടെ കമ്പനിക്ക് ഗുജറാത്തിലും മുംബൈയിലും 100 മെഗാഹെർട്‌സ് വീതവും ആന്ധ്രാപ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട് എന്നിവിടങ്ങളിൽ 50 മെഗാഹെർട്‌സ് വീതവും ലഭിച്ചു.
ജൂലൈ 26 മുതൽ ഓഗസ്റ്റ് 1 വരെ നടന്ന 5G സ്പെക്‌ട്രം ലേലത്തിൽ ടെലികോം കമ്പനികൾക്ക് പുറമെ അദാനി മാത്രമാണ് പുതുതായി പങ്കെടുത്തത്. വിമാനത്താവളം, തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, ട്രാൻസ്മിഷൻ, വിതരണം, തുടങ്ങിയ ഗ്രൂപ്പിന്റെ വിവിധ ഉൽപ്പാദന പ്രവർത്തനങ്ങളിൽ സൈബർ സുരക്ഷയ്‌ക്കൊപ്പം സ്വകാര്യ നെറ്റ്‌വർക്ക് സൊല്യൂഷനുകളും നൽകുന്നതിനായി 5G സ്പെക്‌ട്രം ലേലത്തിൽ പങ്കെടുക്കുന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു.