മുംബൈ: 500 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങി അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് (എഇഎംഎൽ). 2023 അവസാനത്തോടെ സാമ്പത്തിക തലസ്ഥാനത്തെ ഏഴ് ലക്ഷം ഉപഭോക്താക്കൾക്കായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനാണ് നിർദിഷ്ട നിക്ഷേപം.
7 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് ആദ്യ ഘട്ട ലക്ഷ്യമാണെന്നും ശേഷിക്കുന്ന 20 ലക്ഷം ഉപഭോക്താക്കൾക്ക് 2025 അവസാനത്തോടെ സ്മാർട്ട് മീറ്ററുകൾ ലഭിക്കുമെന്നും ലിസ്റ്റുചെയ്ത അദാനി ട്രാൻസ്മിഷന്റെ യൂണിറ്റായ അദാനി ഇലക്ട്രിസിറ്റി അറിയിച്ചു. ഇതുവരെ കമ്പനി ഇത്തരത്തിലുള്ള 1.10 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായും, ബാക്കി 5.90 ലക്ഷം 2023-ഓടെ പൂർത്തിയാക്കുമെന്നും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ കപിൽ ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈദ്യുതി ഉപഭോഗത്തെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കാൻ മീറ്ററുകൾ ഉപഭോക്താക്കളെ സഹായിക്കും. കൂടാതെ പണമടയ്ക്കാത്ത സാഹചര്യത്തിൽ മീറ്റർ വിദൂരമായി വിച്ഛേദിക്കാൻ കഴിയുമെന്നതിനാൽ ശേഖരണ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇത് കമ്പനിയെ സഹായിക്കും. സ്മാർട്ട് മീറ്ററിന്റെ ഓരോ യൂണിറ്റിനും 1,000 രൂപ വരെ അധിക ചിലവ് വരും.
അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിൽ നിന്ന് 18,000 കോടി രൂപയ്ക്ക് റിലയൻസ് എനർജി ഏറ്റെടുത്തുകൊണ്ടാണ് അദാനി ഇലക്ട്രിസിറ്റി അതിന്റെ പ്രവർത്തനം ആരംഭിച്ചത്. അതേസമയം കഴിഞ്ഞ നാല് വർഷമായി കമ്പനിക്ക് അതിന്റെ വിപണി വിഹിതം വർധിപ്പിക്കാൻ സാധിച്ചിട്ടില്ല. 500 കോടിയുടെ നിക്ഷേപത്തിന് പുറമെ 32 കോടി രൂപ മുതൽമുടക്കിൽ 8,500 ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു.