ദില്ലി: ഗൗതം അദാനിയെ എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ച് അദാനി എന്റർപ്രൈസസ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഗൗതം അദാനിയെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതെന്ന് കമ്പനി അറിയിച്ചു.
പുനർനിയമനം 2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഗൗതം അദാനിയുടെ നിലവിലെ കാലാവധി 2023 നവംബർ 30-ന് അവസാനിക്കും.
മാർച്ചിൽ അവസാനിച്ച പാദത്തിലെ ഫലങ്ങൾ ഇന്നലെ അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ചിരുന്നു. അദാനിയുടേത് ആസാദാരണമായ വിജയഗാഥയാണെന്നും അദ്ദേഹത്തിന്റെ സംരംഭകത്വ കാഴ്ചപ്പാട് അടയാളപ്പെടുത്തുന്നതാണ് ഇതുവരെയുള്ള അദാനിയുടെ യാത്രയെന്നും റെഗുലേറ്ററിക്ക് സമർപ്പിച്ച ബോർഡ് മീറ്റിംഗ് റിപ്പോർട്ടിൽ കമ്ബനി പറഞ്ഞു.
ഗൗതം അദാനിയുടെ കഠിനാധ്വാനമാണ് നിരവധി നാഴികക്കല്ലുകൾ കൈവരിക്കാൻ ഗ്രൂപ്പിനെ പ്രാപ്തരാക്കിയതെന്ന് അതിൽ പറയുന്നു. മാത്രമല്ല, ഇന്ത്യയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്ന ശക്തമായ ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിനും അദാനിക് കഴിഞ്ഞെന്ന് ഫയലിംഗിൽ പറയുന്നു.
ജൂലൈ 18 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയും മറ്റ് ഓഡിയോ വിഷ്വൽ മാർഗങ്ങളിലൂടെയും വാർഷിക പൊതുയോഗം സംഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 722.48 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 138 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഏകീകൃത വരുമാനം 2022 മാർച്ചിലെ 24,865.52 കോടി രൂപയിൽ നിന്ന് 2023 മാർച്ചിൽ 31,346.05 കോടി രൂപയായി വർധിച്ചു.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബിസിനസ് ഇൻകുബേറ്റർ എന്ന നിലയിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും വിജയകരമായ ഇൻഫ്രാസ്ട്രക്ചർ ഫൗണ്ടറി എന്ന നിലയിലും അദാനി എന്റർപ്രൈസസ് അതിന്റെ നിലയ്ക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു.