
അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് വിപണിമൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയെയും എഫ്‌എംസിജി ഭീമനായ ഐടിസിയെയും പിന്നിലാക്കി. അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യം ഇപ്പോള്‍ അദാനി എന്റര്‍പ്രൈസസിനാണ്.
4.31 ലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിച്ച അദാനി എന്റര്‍പ്രൈസസ് ബിഎസ്‌ഇയിലെ ഏറ്റവും വലിയ 12-ാമത്തെ കമ്പനിയായി മാറി. 13, 14 സ്ഥാനങ്ങളിലുള്ള എല്‍ഐസിയുടെയും ഐടിസിയുടെയും വിപണിമൂല്യം യഥാക്രമം 4.23 ലക്ഷം കോടിയും 4.13 ലക്ഷം കോടിയുമാണ്.
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി ഇന്ന് എന്‍എസ്‌ഇയില്‍ 3866 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തി. സെപ്‌റ്റംബറില്‍ ഇതുവരെ ഈ ഓഹരി 21 ശതമാനമാണ് ഉയര്‍ന്നത്. അദാനി എന്റര്‍പ്രൈസസിനെ നിഫ്‌റ്റിയില്‍ ഉള്‍പ്പെടുത്തിയതായി കഴിഞ്ഞ സെപ്‌റ്റംബര്‍ ഒന്നിന് എന്‍എസ്‌ഇ അറിയിച്ചിരുന്നു. സെപ്‌റ്റംബര്‍ 30 മുതലാണ് അദാനി എന്റര്‍പ്രൈസസ് ശ്രീ സിമന്റിന് പകരം നിഫ്‌റ്റിയില്‍ ഇടം പിടിക്കുന്നത്.
നിശ്ചിത കാലയളവില്‍ നിഫ്‌റ്റി കമ്പനികളുടെ പട്ടികയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് എന്‍എസ്‌ഇയുടെ ദി ഇന്‍ഡക്‌സ് മെയിന്റനന്‍സ് സബ്-കമ്മിറ്റി-ഇക്വിറ്റി (ഐഎംഎസ്‌സി) ഈ തീരുമാനമെടുത്തത്. നിഫ്‌റ്റിയില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ അദാനി ഗ്രൂപ്പ് ഓഹരിയാണ് അദാനി എന്റര്‍പ്രൈസസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദാനി എന്റര്‍പ്രൈസസ് 80 ശതമാനമാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ സെന്‍സെക്‌സിലുണ്ടായ മുന്നേറ്റം 16 ശതമാനമാണ്. കഴിഞ്ഞ ആറ് മാസ കാലയളവില്‍ 115 ശതമാനമാണ് ഈ ഓഹരി കൈവരിച്ച നേട്ടം.