
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ 450 മെഗാവാട്ടിന്റെ കാറ്റ്-സോളാര്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തതായി അദാനി ഗ്രീന്‍ തിങ്കളാഴ്ച അറിയിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സോളാര്‍ ഹൈബ്രിഡ് പവര്‍ ഫാം ഡെവലപ്പറായി കമ്പനി മാറി.1,440 മെഗാവാട്ടിന്റെ പ്രവര്‍ത്തന ഹൈബ്രിഡ് വൈദ്യുതി ഉല്‍പാദന ശേഷിയാണ് അദാനി ഗ്രീന്‍ എനര്‍ജിക്കുള്ളത്.
മൊത്തം പ്രവര്‍ത്തന ശേഷി 7.17 ജിഗാവാട്ട്. 450 മെഗാവാട്ടാണ് ഇപ്പോള്‍ കമ്മീഷന്‍ ചെയ്ത പ്ലാന്റിന്റെ ശേഷി. 67/കെഡബ്ല്യുഎച്ച് എന്ന നിരക്കില്‍ എസ്ഇസിഐ(സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) യുമായി പ്ലാന്റിന് പവര്‍ പര്‍ച്ചേസ് കരാറുകള്‍ (PPA) ഉണ്ടെന്ന് കമ്പനി പറയുന്നു.
25 വര്‍ഷത്തേക്കാണ് കരാര്‍.20.4 ജിഗാ വാട്ടിന്റെ ലോകത്തിലെ ഉയര്‍ന്ന പോര്‍ട്ട്‌ഫോളിയോയാണ് കമ്പനിയ്ക്കുള്ളത്. യൂട്ടിലിറ്റി സ്‌കെയില്‍ ഗ്രിഡുമായി ബന്ധിപ്പിച്ച സോളാര്‍, വിന്‍ഡ് ഫാം, ഹൈബ്രിഡ് പ്ലാന്റുകള്‍ എന്നിവ കമ്പനി വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, വിവിധ സംസ്ഥാന വിതരണക്കാര്‍ എന്നിവര്‍ ഉപഭോക്താക്കളാണ്.