
മുംബൈ: ഗുജറാത്തിലെ ദയാപാറിൽ 50 മെഗാവാട്ട് പ്രവർത്തനക്ഷമമായ കാറ്റ് പവർ പ്രോജക്ടുകൾ കൈവശം വച്ചിരിക്കുന്ന മൂന്ന് സ്ഥാപനങ്ങളെ സ്വന്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. ഐനോക്സ് ഗ്രീൻ എനർജി സർവീസസ് ലിമിറ്റഡിൽ നിന്നാണ് (ഐജിഇഎസ്എൽ) കമ്പനി ഈ സ്ഥാപനങ്ങളെ ഏറ്റെടുത്തത്.
ഐനോക്സ് വിൻഡിന്റെ ഒരു ഉപസ്ഥാപനമാണ് ഐജിഇഎസ്‌എൽ. വിൻഡ് വൺ റെനർജി ലിമിറ്റഡ് (WORL), വിൻഡ് ത്രീ റെനർജി ലിമിറ്റഡ് (WTRL), വിൻഡ് ഫൈവ് റെനർജി ലിമിറ്റഡ് (SFRL) എന്നിവയാണ് അദാനി ഗ്രീൻ എനർജി ഏറ്റെടുത്ത മൂന്ന് എസ്പിവികൾ.
ഈ ഇടപാടിനെക്കുറിച്ച് അദാനി ഗ്രീനും ഐനോക്സ് വിൻഡും സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. 2019-ലെ എസ്ഇസിഐ ലേലത്തിലൂടെയാണ് ഐനോക്‌സ് വിൻഡ് ഈ സ്ഥാപനങ്ങളെ സ്വന്തമാക്കിയത്. ഏറ്റെടുക്കൽ കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദാനി ഗ്രീൻ പറഞ്ഞു.
മൂന്ന് എസ്പിവികൾക്കുമായി കഴിഞ്ഞ സാമ്പത്തിക വർഷം 121 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നതായി അദാനി ഗ്രീൻ അതിന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.