മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിൽ പ്രൊമോട്ടർമാർ ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ നടത്തിയത് 23,000 കോടി രൂപയുടെ നിക്ഷേപം.
ഇതുവഴി അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്‍റർപ്രൈസസ്, അംബുജ സിമന്‍റ്, അദാനി പവർ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയിൽ പ്രൊമോട്ടർമാർ ഓഹരി പങ്കാളിത്തം ഉയർത്തിയെന്നും ഓഹരി വിപണിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതുപ്രകാരം, അംബുജ സിമന്‍റ്സിലെ പങ്കാളിത്തം 66.74 ശതമാനത്തിൽ നിന്ന് 70.33 ശതമാനത്തിലെത്തി. 2022 ഒക്ടോബറിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ കുടുംബം അംബുജ സിമന്‍റിൽ 2022 ഒക്ടോബറിൽ 5,000 കോടി രൂപയും ഈ വർഷം മാർച്ചിൽ 6,661 കോടി രൂപയും നിക്ഷേപിച്ചിരുന്നു.
തുടർന്ന്, ഈ ഏപ്രിലിൽ 8,339 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തി. കമ്പനിയുടെ ഉൽപാദനശേഷി വർധിപ്പിക്കുക ആയിരുന്നു നിക്ഷേപ ലക്ഷ്യം.
ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്‍റർപ്രൈസസിലെ ഓഹരി പങ്കാളിത്തം 7,600 കോടി രൂപ നിക്ഷേപത്തോടെ 2.11 ശതമാനം വർധിപ്പിച്ച് 74.72 ശതമാനമാക്കി. അദാനി ഗ്രീൻ എനർജിയിലെ പങ്കാളിത്തം 1.15 ശതമാനം ഉയർന്ന് 57.52 ശതമാനമായി. ജൂൺപാദത്തിൽ നിക്ഷേപിച്ചത് 3,200 കോടി രൂപ.
അദാനി പവറിലെ ഓഹരി പങ്കാളിത്തം 0.96 ശതമാനം ഉയർന്ന് 72.71 ശതമാനവും അദാനി എനർജി സൊല്യൂഷൻസിലേത് 1.72 ശതമാനം വർധിച്ച് 74.94 ശതമാനവുമായിട്ടുണ്ട്. 2,642 കോടി രൂപയാണ് അദാനി പവറിൽ കഴിഞ്ഞ ത്രൈമാസത്തിൽ നിക്ഷേപിച്ചത്. അദാനി എനർജി സൊല്യൂഷൻസിൽ 1,917 കോടി രൂപയും.
എസിസി, അദാനി പോർട്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ എന്നിവയിലെ ഓഹരി പങ്കാളിത്തത്തിൽ മാറ്റമില്ല.
ഇന്ത്യൻ വംശജനായ അമേരിക്കൻ നിക്ഷേപകൻ രാജീവ് ജെയിൻ നയിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ് ഉൾപ്പെടെയുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കഴിഞ്ഞപാദത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു.
എസിസി, അദാനി പവർ എന്നിവയിലൊഴികെയുള്ള പങ്കാളിത്തമാണ് ജിക്യുജി കുറച്ചത്.
അദാനി എന്‍റർപ്രൈസസിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്ഐഐ) ഓഹരി പങ്കാഴിത്തം 2.68 ശതമാനം കുറഞ്ഞു.
അദാനി എനർജി സൊല്യൂഷൻസ് 1.96 ശതമാനം, അംബുജ സിമന്‍റ‍് 1.50 ശതമാനം, അദാനി ഗ്രീൻ എനർജി 1.24 ശതമാനം, അദാനി പവർ 1.18 ശതമാനം, എസിസി 0.53 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 0.17 ശതമാനം എൻഡിടിവി 0.05 ശതമാനം, അദാനി വിൽമർ 0.04 ശതമാനം എന്നിങ്ങനെ കുറവ് വിദേശ നിക്ഷേപ പങ്കാളിത്തത്തിൽ നേരിട്ടു.
അദാനി പോർട്സ് പക്ഷേ കുറിച്ചത് 0.21 ശതമാനം വർധനയാണ്.