കൊളംബോ: ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ നിക്ഷേപ പദ്ധതി തുലാസിലേക്കെന്ന് സൂചന.
ഉപകമ്പനിയായ അദാനി ഗ്രീൻ എനർജി സ്ഥാപിക്കുന്ന കാറ്റാടിപ്പാടം (വിൻഡ് എനർജി) പദ്ധതി പുനഃപരിശോധിക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് വ്യക്തമാക്കിയത്.
റനിൽ വിക്രമസിംഗെയെ പരാജയപ്പെടുത്തി കഴിഞ്ഞമാസം ലങ്കയുടെ പ്രസിഡന്റ് പദത്തിലെത്തിയ അനുര കുമാര ദിസനായകെയുടെ സർക്കാരാണ് അദാനിയുടെ പദ്ധതിയിന്മേൽ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നത്. പദ്ധതിക്ക് അനുമതി നൽകിയ മുൻസർക്കാരിന്റെ തീരുമാനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.
അദാനിയുടെ കാറ്റാടിപ്പാടം പദ്ധതി ശ്രീലങ്കയുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും പദ്ധതി റദ്ദാക്കിയേക്കുമെന്നും ദിസനായകെ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. നവംബറിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് മന്ത്രി വിജിത ഹെരാത്ത് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ ഇന്ത്യൻ സർക്കാരോ അദാനി ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല. പദ്ധതിക്ക് തടസ്സമുണ്ടായാൽ അദാനി ഗ്രൂപ്പിന് അത് വലിയ തിരിച്ചടിയായേക്കും. കൊളംബോ തുറമുഖത്ത് രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയും അദാനി ഗ്രൂപ്പ് സജ്ജമാക്കുന്നുണ്ട്.
ശ്രീലങ്കയ്ക്ക് വെളിച്ചമേകുന്ന പദ്ധതി
484 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ള പദ്ധതിയാണ് വടക്കൻ ശ്രീലങ്കയിലെ മാന്നാർ, പൂനെരിൻ മേഖലകളിലായി സ്ഥാപിക്കുന്നത്. ഏകദേശം 3,800 കോടി രൂപയാണ് നിക്ഷേപം. 20 വർഷത്തെ കരാറാണ് അദാനിക്ക് ലഭിക്കുക.
ശ്രീലങ്കയ്ക്ക് കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കാറ്റാടിപ്പാടം പദ്ധതിക്കെതിരെ നേരത്തേ ജനരോഷം ഉയർന്നിരുന്നു. എന്നാൽ, പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലാണ് പദ്ധതിയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
കെനിയയിലെ പ്രതിസന്ധി
കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമാണവും 30 വർഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള സർക്കാർ നീക്കം വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെ കെനിയൻ ഏവിയേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളായ കിസുമു, എൽഡോറേറ്റ്, മൊംബാസ വിമാനത്താവളങ്ങളിലേക്കും പടരുകയും വിമാന സർവീസുകൾ നിലയ്ക്കുകയും ചെയ്തിരുന്നു.
വിദേശ കമ്പനിക്ക് കരാർ നൽകുന്നത് ഭരണഘടനാ ലംഘനമാണെന്നും കെനിയക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
കരാർ നൽകാനുള്ള നീക്കം പിന്നീട് കോടതി തടഞ്ഞു.