ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ബോണ്ടുകള്‍ നഷ്ടം നേരിടുകയാണ്. കമ്പനിയുടെ വര്‍ദ്ധിച്ച കടമാണ് നിക്ഷേപകരെ ബോണ്ടില്‍ നിന്നും അകറ്റുന്നത്. മറ്റ് ഇന്ത്യന്‍ കമ്പനികളുടേതിനെ അപേക്ഷിച്ച് മോശം പ്രകടനമാണ് അദാനി പോര്‍ട്ട്‌സിന്റെ ബോണ്ടുകള്‍ നടത്തുന്നതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2027 ഓഗസ്റ്റില്‍ കാലാവധി തീരുന്ന നോട്ടുകള്‍ നിലവില്‍ എക്കാലത്തേയും താഴ്ന്ന നിലയിലാണുള്ളത്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ സ്‌റ്റെപ്പ്‌വണ്‍ ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള ബോണ്ടുകളും വിപണിയില്‍ ഏറെക്കുറെ മോശം പ്രകടനം കാഴ്ചവയ്ക്കുന്നു. അദാനി പോര്‍ട്ട്‌സിന്റെ ഏഴ് ഡോളര്‍ മൂല്യമുള്ള നോട്ടുകള്‍ ഈ വര്‍ഷം ഇതുവരെ ശരാശരി 14% നഷ്ടമുണ്ടാക്കി.
2036ല്‍ ഡ്യൂ ആവുന്ന അദാനി ട്രാന്‍സ്മിഷന്‍ സ്‌റ്റെപ്പ്‌വണ്ണിന്റെ നോട്ടുകളും അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ 2030 ഡ്യൂ സെക്യൂരിറ്റികളും 17% വീതം പിന്‍വലിഞ്ഞിട്ടുണ്ട്. ഇത് മൊത്തം ഇന്ത്യന്‍ ഡോളര്‍ ബോണ്ടുകളുടെ 10 ശതമാനത്തേക്കാളും ജപ്പാന്‍ ഒഴികെയുള്ള ഏഷ്യയിലെ യുഎസ് കറന്‍സി നോട്ടുകളുടെ 13 ശതമാനത്തേക്കാളും കൂടുതലാണ്. യുഎസിലെ വര്‍ദ്ധിച്ചുവരുന്ന കടമെടുക്കല്‍ ചെലവും ഡോളര്‍ ബോണ്ടുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
അദാനി ഗ്രീന്‍ എനര്‍ജിയുടെ 2024 നോട്ടുകള്‍ക്ക് 9% നഷ്ടപ്പെട്ടപ്പോള്‍, അതേ വര്‍ഷം നല്‍കേണ്ട അദാനി പോര്‍ട്ട്‌സിന്റെ സെക്യൂരിറ്റികള്‍ 4.4% കുറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ അദാനി പോര്‍ട്ട്‌സിന്റെ മൊത്തം കടം 456.4 ബില്യണ്‍ രൂപയായി ഉയര്‍ന്നുവെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഉയര്‍ന്ന കടം അദാനിയുടെ വിജയഗാഥയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന് ബ്ലുംബര്‍ഗ് ചൂണ്ടിക്കാട്ടി. എന്നാല്‍ ലിവറേജ് അനുപാതങ്ങള്‍ ആരോഗ്യമുള്ളതുംഅതത് വ്യവസായങ്ങള്‍ക്ക് അനുസൃതവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. തങ്ങളുടെ ഡെബ്റ്റ് മെട്രിക്‌സ് മെച്ചപ്പെട്ടതായും അദാനി ഗ്രൂപ്പ് അറിയിച്ചു.
അതേസമയം അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ഓഹരി 2022ല്‍ 29% ഉയര്‍ന്ന് റെക്കോര്‍ഡിട്ടപ്പോള്‍ മറ്റ് ചില കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,000%ത്തിലധികം ഉയര്‍ന്നു. ഇതോടെ ബ്ലുംബര്‍ഗ് ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനാകാന്‍ കമ്പനി ചെയര്‍മാന്‍ ഗൗതം അദാനിയ്ക്കായി.
നിലവില്‍ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക്ക് മാത്രമാണ് സമ്പത്തില്‍ അദാനിയ്ക്ക് മുന്നിലുള്ളത്.