ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

അദാനിക്ക് കെനിയയിൽ നിന്ന് 10,000 കോടിയുടെ ഊർജ പദ്ധതിക്ക് കരാർ

മുംബൈ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്(Adani group) 130 കോടി ഡോളറിന്റെ (ഏകദേശം 10,500 കോടി രൂപ) ഊർജ വിതരണ കരാർ സമ്മാനിച്ച് കെനിയൻ(Kenya) സർക്കാർ.

അദാനി ഗ്രൂപ്പിനൊപ്പം ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആഫ്രിക്ക50 എന്ന അടിസ്ഥാന സൗകര്യ വികസന ഉപവിഭാഗവുമാണ് വൈദ്യുതി വിതരണ ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ നേടിയത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) വ്യവസ്ഥയിലാണ് കരാറെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡേവിഡ് എൻഡി എക്സിൽ വ്യക്തമാക്കി.

അതേസമയം, കെനിയൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി (കെട്രാകോ) ഇക്കാര്യം സ്ഥിരീകരിച്ചില്ല. കരാർ നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു എന്നാണ് കെട്രാകോ പ്രതികരിച്ചത്.

388 കിലോമീറ്റർ‌ നീളുന്ന ഹൈ-വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കാനുള്ള താൽപര്യമാണ് അദാനി അറിയിച്ചിരുന്നത്. കരാർ നൽകുന്നതിന് ഇനിയും നിരവധി കടമ്പകൾ കടക്കാനുണ്ടെന്ന് കെട്രോകെ ജനറൽ മാനേജർ ആന്തണി മുസ്യോകയും പ്രതികരിച്ചു.

തലസ്ഥാനമായ നെയ്റോബിയിൽ സ്ഥിതിചെയ്യുന്ന കെനിയയുടെ സുപ്രധാന വിമാനത്താവളമായ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമാണവും 30 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നിയന്ത്രണവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള സർക്കാർ നീക്കം നേരത്തെ വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെ കെനിയൻ ഏവിയേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളായ കിസുമു, എൽഡോറേറ്റ്, മൊംബാസ എന്നിവിടങ്ങളിലേക്കും പടരുകയും വിമാന സർവീസുകൾ നിലയ്ക്കുകയും ചെയ്തിരുന്നു. കരാർ നൽകാനുള്ള നീക്കം കോടതി തടഞ്ഞെങ്കിലും കടുത്ത സമരം തുടരുകയായിരുന്നു.

പിന്നീട് സർക്കാരും കെനിയൻ ഏവിയേഷൻ വർക്കേഴ്സ് യൂണിയനും തമ്മിലെ ചർച്ചകൾക്ക് ശേഷമാണ് സമരം പിൻ‌വലിച്ചത്. അദാനിക്ക് വിമാനത്താവള കരാർ നൽകുന്നത് സംബന്ധിച്ച് സർക്കാർ ഇനിയും അന്തിമ തീരുമാനത്തിലേക്ക് കടന്നിട്ടില്ല.

വിദേശ കമ്പനിക്ക് കരാർ നൽകുന്നത് ഭരണഘടനാ ലംഘനമാണെന്നും കെനിയക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

X
Top