
കൊളംബോ: രാജ്യത്തിന്റെ വടക്കൻ പ്രവിശ്യയിൽ 500 മില്യൺ ഡോളറിന്റെ നിക്ഷേപത്തിൽ 286 മെഗാവാട്ടിന്റെയും 234 മെഗാവാട്ടിന്റെയും രണ്ട് കാറ്റാടി പദ്ധതികൾ സ്ഥാപിക്കാൻ അദാനി ഗ്രീൻ എനർജിക്ക് ശ്രീലങ്ക താൽക്കാലിക അനുമതി നൽകിയതായി ഊർജ, വൈദ്യുതി മന്ത്രി കാഞ്ചന വിജശേഖര അറിയിച്ചു. പദ്ധതികളുടെ പുരോഗതി ചർച്ച ചെയ്യാൻ സിഇബിയുടെയും സുസ്ഥിര വികസന അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുമായി സർക്കാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാന്നാറിലും പൂണേരിയിലുമായിയാണ് രണ്ട് കാറ്റാടി പദ്ധതികൾ സ്ഥാപിക്കുന്നത്. പ്രതിസന്ധിയിലായ ശ്രീലങ്കയിലെ ഊർജ മേഖലയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങൾ സംബന്ധിച്ച ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.
തന്ത്രപ്രധാനമായ കൊളംബോ തുറമുഖത്തിന്റെ വെസ്റ്റേൺ കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശ്രീലങ്കയുമായി കരാർ ഒപ്പിട്ട അദാനി ഗ്രൂപ്പ്, രാജ്യത്തിൻറെ ഊർജ, കാറ്റ് മേഖലകളിൽ നിക്ഷേപം നടത്താനുള്ള സാധ്യത ആരായുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു