മുംബൈ: ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആയിരിക്കുകയാണ്. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം 11.6 ലക്ഷം കോടി രൂപയാണ് ആസ്തി.
കൂടുതൽ ധനസമാഹരണത്തിനായി പ്രമോട്ടർമാർ അദാനി ഗ്രൂപ്പ് ലിസ്റ്റഡ് കമ്പനികളിലെ ഓഹരികൾ വിറ്റഴിക്കും എന്ന് റിപ്പോർട്ടുകളുണ്ട്.
വായ്പകൾ പുനക്രമീകരിക്കുകയാണ് ലക്ഷ്യം. ലിസ്റ്റ് ചെയ്ത കമ്പനികളിലെ 30,000 കോടി രൂപയുടെ ഓഹരികൾ വിൽക്കുമെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ 0.5 ശതമാനം മുതൽ മൂന്ന് ശതമാനം വരെ ഓഹരികൾ വിറ്റഴിച്ചേക്കും.
ഹിൻഡൻബർഗ് റിപ്പോർട്ട് വന്നിട്ടും, ഗൗതം അദാനിയുടെ കുടുംബത്തിൻ്റെ സമ്പത്ത് 95 ശതമാനം വർധിച്ചു. 11.6 ലക്ഷം കോടി രൂപയാണ് ആസ്തി. ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 5.65 ലക്ഷം കോടി രൂപയാണ് ആസ്തി വർധന.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആസ്തി വളർച്ച നേടിയവരിൽ അദാനി മുൻനിരയിലുണ്ട്.
ലിസ്‌റ്റഡ് സ്ഥാപനങ്ങളിലെ ഓഹരികൾ കുടുംബാംഗങ്ങൾ വിറ്റഴിക്കുമ്പോൾ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ഓഹരി പങ്കാളിത്തം ഉയർത്തും എന്നാണ് റിപ്പോർട്ടുകൾ. വിവിധ കമ്പനികളിൽ 64-68 ശതമാനമായി ഓഹരി പങ്കാളിത്തം കുറച്ചേക്കും.
അംബുജ സിമൻ്റ്, അദാനി പവർ എന്നിവയിലെ പ്രമോട്ടർമാരുടെ ഓഹരി വിൽപ്പന തുടരും എന്നാണ് സൂചന.
അദാനി ഗ്രൂപ്പിൻ്റെ വായ്പകൾ പുനക്രമീകരിക്കുക കൂടെയാണ് ലക്ഷ്യം. 2024 മാർച്ച് അവസാനം വരെ അദാനി ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ മൊത്തം വായ്പ ഏകദേശം 12,404 കോടി രൂപയാണ്.
ഇവയുടെ കാലാവധി നീട്ടിയാൽ മൂലധന വിപണിയിൽ നിന്ന് 15 ശതനമാനം വരെ തുക ഗ്രൂപ്പിന് ലഭിക്കും. നിലവിൽ അഞ്ച് ശതമാനമാണ് വായ്പ.
കടപ്പത്രങ്ങൾ വാങ്ങാം
അദാനി ഗ്രൂപ്പ് ഓഹരികളാക്കി മാറ്റാൻ ആകാത്ത കടപ്പത്രങ്ങളും പുറത്തിറക്കുകയാണ്. മുൻനിര കമ്പനികളുടെ കടപ്പത്ര ഇഷ്യു സെപ്റ്റംബർ നാലിന് ആരംഭിച്ച് സെപ്റ്റംബർ 17-ന് അവസാനിക്കും.
24 മാസം, 36 മാസം, 60 മാസം എന്നിങ്ങനെ കാലാവധിയിലാണ് കടപ്പത്രങ്ങൾ പുറപ്പെടുവിക്കുന്നത്.
9.25 ശതമാനം മുതൽ 9.65 ശതമാനം 9.90 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക് ലഭിക്കുക. 800 കോടി രൂപയാണ് ഇങ്ങനെ സമാഹരിക്കുന്നത്.
ഈ തുക മെറ്റൽ, പോളി വിനൈൽ ക്ലോറൈഡ് ബിസിനസുകൾക്കായി വിനിയോഗിക്കും.