മുംബൈ: മൾട്ടി മോഡൽ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള ദേശീയ മാസ്റ്റർ പ്ലാൻ നിലവിൽ വന്നതോടെ അദാനി ഗ്രൂപ്പ്, ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ (എംഎംഎൽപി) കമ്മീഷൻ ചെയ്യാൻ പദ്ധതിയിടുന്നു.
ഇതിലൂടെ ലോജിസ്റ്റിക് ബിസിനസ് പ്രവർത്തനങ്ങൾ വർധിപ്പിക്കാനാണ് അദാനിയുടെ നീക്കം. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന എന്നി സംസ്ഥാനങ്ങളിലാണ് കമ്പനി എംഎംഎൽപികൾ സ്ഥാപിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദാനി ഗ്രൂപ്പ് ഇതിനകം അഞ്ച് എംഎംഎൽപികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ആറ് പാർക്കുകൾ കൂടി കമ്മീഷൻ ചെയ്യാനുള്ള പ്രക്രിയയിലാണ് കമ്പനിയെന്നും. പിഎം ഗതി ശക്തി – മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കുള്ള മാസ്റ്റർ പ്ലാൻ ഫാസ്റ്റ് ഫോർവേഡ് മോഡിൽ ഈ പദ്ധതികൾ നടപ്പിലാക്കുമെന്നും അദാനി ലോജിസ്റ്റിക്‌സിന്റെ (എഎൽഎൽ) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിക്രം ജയ്‌സിംഘാനി പറഞ്ഞു.
നിലവിൽ പാട്‌ലി, കനേച്ച്, നാഗ്പൂർ, മുന്ദ്ര, തലോജ എന്നിവിടങ്ങളിലാണ് കമ്പനിയുടെ എംഎംഎൽപികൾ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിലിൽ അഹമ്മദാബാദിലെ സാനന്ദിന് സമീപം അദാനി ലോജിസ്റ്റിക്സ് എംഎംഎൽപി ഉദ്ഘാടനം ചെയ്യും. 1,450 ഏക്കറിലാണ് പാർക്ക് വ്യാപിച്ചുകിടക്കുന്നത്. ധാരണാപത്രം അനുസരിച്ച്, പാർക്ക് 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 25,000 പേർക്ക് തൊഴിൽ നൽകുകയും ചെയ്യും.
അദാനി പോർട്ട്സിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. ഇത് രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന എൻഡ്-ടു-എൻഡ് ലോജിസ്റ്റിക് സേവന ദാതാവാണ്. റീട്ടെയിൽ, ഇൻഡസ്ട്രിയൽ, കണ്ടെയ്‌നർ, ബൾക്ക്, ബ്രേക്ക്-ബൾക്ക്, ഓട്ടോ, ഗ്രെയിൻ എന്നിങ്ങനെയുള്ള സെഗ്‌മെന്റുകളിലുടനീളമുള്ള വ്യത്യസ്ത ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്ന ബിസിനസ്സിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്.