ഡൽഹി: ഒരു ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിനായി ശതകോടിശ്വരനായ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഗ്രീൻ എനർജി മുതൽ ഡാറ്റാ സെന്ററുകൾ, എയർപോർട്ടുകൾ, ഹെൽത്ത് കെയർ വരെയുള്ള ബിസിനസ്സുകളിൽ 150 ബില്യൺ ഡോളറിലധികം നിക്ഷേപിക്കും.
അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിംഗാണ് ഗ്രൂപ്പിന്റെ വളർച്ചാ പദ്ധതികൾ വിശദീകരിച്ചത്. 1988-ൽ ഒരു വ്യാപാര കമ്പനിയായി പ്രവർത്തനം ആരംഭിച്ച ഗ്രൂപ്പ് നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, വൈദ്യുതി, പുനരുപയോഗ ഊർജം, പവർ ട്രാൻസ്മിഷൻ, ഗ്യാസ് വിതരണം എന്നിവയിലേക്ക് അതിവേഗം വികസിച്ചു. കൂടാതെ എഫ്എംസിജി, ഡാറ്റാ സെന്ററുകൾ, പെട്രോകെമിക്കൽസ്, സിമന്റ്, മീഡിയ എന്നിവയിലേക്കും കമ്പനി അടുത്തിടെ കടന്നിരുന്നു.
അടുത്ത 5-10 വർഷത്തിനുള്ളിൽ ഗ്രീൻ ഹൈഡ്രജൻ ബിസിനസിൽ 50-70 ബില്യൺ ഡോളറും ഗ്രീൻ എനർജിയിൽ 23 ബില്യൺ ഡോളറും നിക്ഷേപിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായി ജുഗേഷിന്ദർ സിംഗ് പറഞ്ഞു. ഇതിന് പുറമെ വൈദ്യുതി പ്രക്ഷേപണത്തിൽ 7 ബില്യൺ ഡോളറിന്റെയും ഗതാഗത യൂട്ടിലിറ്റിയിൽ 17 ബില്യൺ ഡോളറിന്റെയും നിക്ഷേപമാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.
ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഡാറ്റാ സെന്റർ ബിസിനസ്സിലേക്കുള്ള ഗ്രൂപ്പിന്റെ ചുവടുവെപ്പിന് 6.5 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം ആവശ്യമാണ്. അതേപോലെ കമ്പനി വിമാനത്താവളങ്ങൾക്കായി മറ്റൊരു 9-10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി സിംഗ് അറിയിച്ചു.
2022-ൽ ഗ്രൂപ്പിന്റെ വിപണി മൂലധനം 260 ബില്യൺ ഡോളറാണ്. ഈ നിക്ഷേപങ്ങളിലൂടെ 1 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനിയാകാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ ആപ്പിൾ, സൗദി അരാംകോ, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ആമസോൺ തുടങ്ങി ചുരുക്കം ചില കമ്പനികളാണ് ഈ പട്ടികയിൽ ഉള്ളത്.