ബില്യണയർ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം തിടുക്കത്തില്‍ അവസാനിപ്പിക്കുന്നത് ഉചിതമാകില്ലെന്ന് വിപണിനിയന്ത്രകരായ സെബി.
സുപ്രീം കോടതിയില്‍ അന്വേഷണ പുരോഗതി അറിയിക്കുന്നതിന്‍റെ ഭാഗമായാണ് സെബി ഈ നിലപാടെടുത്തത്. അദാനി ഗ്രൂപ്പ് റെഗുലേറ്ററി വെളിപ്പെടുത്തലുകളില്‍ നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്ന വീഴ്ചകളില്‍ തെറ്റായ ഏതെങ്കിലും നിഗമനത്തില്‍ എത്തുന്നത് നീതിപരമല്ലെന്നും നിയമപരമായി അംഗീകരിക്കാനാവില്ലെന്നും സെബി ചൂണ്ടിക്കാട്ടി.
“ചുരുങ്ങിയ പൊതു ഓഹരി പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സുമായുള്ള ബഹുമുഖ ധാരണാപത്രത്തിന് കീഴിൽ സെബി ഇതിനകം 11 വിദേശ റെഗുലേറ്റർമാരെ സമീപിച്ചിട്ടുണ്ട്.
ഈ റെഗുലേറ്റർമാരോട് വിവിധ വിവരങ്ങൾ കൈമാറുന്നതിനായി അഭ്യർത്ഥനകൾ നടത്തി. വിദേശ റെഗുലേറ്റർമാരോടുള്ള ആദ്യ അഭ്യർത്ഥന 2020 ഒക്‌ടോബർ 6-ന് തന്നെ നടത്തിയിട്ടുള്ളതാണ്,” കോടതി ഫയലിംഗിൽ പറയുന്നു.
ഇന്ത്യയിൽ ലിസ്റ്റുചെയ്ത 51 കമ്പനികൾ ഗ്ലോബൽ ഡിപ്പോസിറ്ററി രസീതുകൾ നൽകിയതിനെക്കുറിച്ച് അന്വേഷണം നടന്നിരുന്നതായി സെബി അറിയിച്ചു. അന്വേഷണത്തെ തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിച്ചു.
എന്നിരുന്നാലും, അദാനി ഗ്രൂപ്പിന്റെ ഒരു ലിസ്റ്റഡ് കമ്പനിയും ഈ 51 കമ്പനികളുടെ ഭാഗമായിരുന്നില്ല. 2016 മുതൽ അദാനിക്കെതിരെ അന്വേഷണം നടത്തിയെന്ന ആരോപണങ്ങൾ വസ്തുതാപരമായി അടിസ്ഥാനരഹിതമാണെന്ന് സെബി വ്യക്തമാക്കി.
റെഗുലേറ്ററി പരാജയത്തിന് സെബിയെ കുറ്റപ്പെടുത്തുന്ന ഹര്‍ജികള്‍ വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങളിൽ അന്വേഷണം അവസാനിപ്പിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് മൂന്ന് മാസം കൂടി സമയം നൽകുന്നത് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
റെഗുലേറ്ററി പരാജയം ഉണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും കോടതി പറഞ്ഞു.