ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ ഓഗസ്റ്റ് 14 വരെ അന്വേഷണം തുടരാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സുപ്രീം കോടതി അനുമതി. ‘അന്വേഷണം വേഗത്തില്‍ നടക്കുന്നതാ’ യി സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ ബോധിപ്പിച്ചു.
“‘സുതാര്യമല്ലാത്ത ഘടനകള്‍’, ‘പ്രയോജനകരമായ ഉടമസ്ഥാവകാശം’ എന്നിവയെക്കുറിച്ചുള്ള നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാരണമായ സാഹചര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് പരിഗണിച്ച രണ്ട് ഘടകങ്ങള്‍ അദാനി കേസുമായി ബന്ധപ്പെട്ടതാണ്. ഗുണകരമായ ഉടമസ്ഥാവകാശവും അനുബന്ധ-പാര്‍ട്ടി ഇടപാടുകളും സംബന്ധിച്ച നിയമങ്ങള്‍ തുടര്‍ച്ചയായി കര്‍ശനമാക്കിയിട്ടുണ്ടെന്ന് മാര്‍്കറ്റ് റെഗുലേറ്റര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2019 ലെ നിയമ മാറ്റങ്ങള്‍ ഓഫ് ഷോര്‍ ഫണ്ടുകളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്നില്ലെന്നും ഏതെങ്കിലും ലംഘനം കണ്ടെത്തുകയോ സ്ഥാപിക്കുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. മാത്രമല്ല,അദാനി കമ്പനികളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും റെഗുലേറ്ററി വീഴ്ചയില്ലെന്നും സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി മെയ് മാസത്തിലെ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എന്നിരുന്നാലും, 2014 നും 2019 നും ഇടയില്‍ സെബി വരുത്തിയ നിരവധി ഭേദഗതികള്‍ റെഗുലേറ്റര്‍മാരുടെ കഴിവിനെ പരിമിതപ്പെടുത്തിയെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. ഓഫ് ഷോര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പണമൊഴുക്കിലെ ലംഘനത്തെക്കുറിച്ചുള്ള അന്വേഷണം ‘ശൂന്യമായി’ പോയെന്നും റിപ്പോര്‍ട്ട് പറഞ്ഞു.