
ന്യൂഡല്‍ഹി: ഗൗതം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഇതുവരെ സെബിയ്ക്കായിട്ടില്ല. രണ്ട് കക്ഷികളുടെയും (ഹിന്‍ഡന്‍ബര്‍ഗ്, അദാനി ഗ്രൂപ്പ്) ആരോപണങ്ങള്‍ സെബി പരിശോധിക്കുന്നുണ്ട്.
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ പ്രവര്‍ത്തനം, ഓഹരി വ്യാപാരം എന്നിവയാണ് സെബി സൂക്ഷ്മമായി പരിശോധിക്കുന്നത്.
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ), ഫെബ്രുവരി 14 ന് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.
ഓഹരി വിലയിലെ ചലനം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും അന്വേഷണത്തിന് വിധേയമാണ്. ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ് (ഒഡിഐ), ഷോര്‍ട്ട് സെല്ലിംഗ് മാനദണ്ഡങ്ങളുടെ പരിധിയില്‍ പെടുത്തിയാണ് പരിശോധന. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 16 ബില്യണ്‍ ഡോളറോളം ചോര്‍ച്ചയുണ്ടായി.