ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിയ്ക്ക് 3 മാസം കൂടി സമയം അനുവദിച്ചേയ്ക്കും. ഇത് സംബന്ധിച്ച വിധി പറയാനായി സുപ്രീംകോടതി കേസ് മെയ് 15 ലേയ്ക്ക് മാറ്റി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസത്തെ അധിക കാലയളവാണ് സെബി ആവശ്യപ്പെട്ടിരുന്നത്.
ഹിഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഓഹരി വില കൃത്രിമത്വം, നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തികള്‍ എന്നിവയാണ് സെബിഅന്വേഷിക്കുന്നത്.അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി മാര്‍ച്ച് 2 ന് സെബിയ്ക്ക് 2 മാസത്തെ സമയം അനുവദിച്ചു. ഓഹരി നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്നത് പരിശോധിക്കാന്‍ ഒരു പാനല്‍ രൂപീകരിക്കാനും കോടതി തയ്യാറായി.
എന്നാല്‍ അന്വേഷണ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കാന്‍ സെബി ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ഒരു ദശാബ്ദത്തെ ഗ്രൂപ്പിന്റെ സങ്കീര്‍ണ്ണമായ ബിസിനസ്സ് ഇടപാടുകള്‍ പരിശോധിക്കുകയാണെന്ന് റെഗുലേറ്റര്‍ പറയുന്നു.
ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സംശയാസ്പദമായ 12 ഇടപാടുകളെക്കുറിച്ച് പ്രാഥമിക കാഴ്ചപ്പാട് രൂപീകരിച്ചു. എന്നിരുന്നാലും, വിശദമായ അന്വേഷണത്തിന് സമയമെടുക്കും. മാത്രമല്ല അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കയാണ്.
അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 140 ബില്യണ്‍ ഡോളറിലധികം താഴ്ന്നിരുന്നു.