വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ഗ്രൂപ്പ് എന്ന സ്ഥാനത്തേക്ക് അദാനി ഗ്രൂപ്പ് എത്തി. മുകേഷ് അംബാനി ഗ്രൂപ്പിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അദാനി ഗ്രൂപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്.
അദാനി ഗ്രൂപ്പും മുകേഷ് അംബാനി ഗ്രൂപ്പും തമ്മില്‍ നിലവില്‍ വിപണിമൂല്യത്തില്‍ ഒന്നര ലക്ഷം കോടി രൂപയിലേറെ അന്തരമുണ്ട്. 19.44 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം. അംബാനി ഗ്രൂപ്പിന്റേത് 17.89 ലക്ഷം കോടി രൂപയും.
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് ഇപ്പോഴും ടാറ്റയാണ്. 21.73 ലക്ഷം കോടി രൂപയാണ് ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യം. മറ്റ് ബിസിനസ് ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനി ഗ്രൂപ്പിന്റേത് വേറിട്ട പ്രകടനമാണ്.
ഈ വര്‍ഷം മാത്രം അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിലുണ്ടായ വര്‍ധന 10 ലക്ഷം കോടി രൂപയാണ്. അതേ സമയം മുകേഷ് അംബാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 1.61 ലക്ഷം കോടി രൂപയുടെ വര്‍ധന മാത്രമാണുണ്ടായത്.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ ഈ വര്‍ഷം ഇടിവാണ് ഉണ്ടായത്. 2021 ഡിസംബര്‍ അവസാനം 9.62 ലക്ഷം കോടി രൂപയായിരുന്ന അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യമാണ് 19.44 ലക്ഷം കോടി രൂപയായി ഉയര്‍ന്നത്.
ഏഴ് ലിസ്റ്റഡ് കമ്പനികളാണ് അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇക്കാലയളവില്‍ ഒന്‍പത് ലിസ്റ്റഡ് കമ്പനികള്‍ ഉള്‍പ്പെട്ട മുകേഷ് അംബാനി ഗ്രൂപ്പിന്റെ വിപണിമൂല്യം 16.33 ലക്ഷം കോടി രൂപയില്‍ നിന്നും 17.89 ലക്ഷം കോടി രൂപയായി.
26 ലിസ്റ്റഡ് കമ്പനികള്‍ ഉള്‍പ്പെട്ട ടാറ്റാ വിപണിമൂല്യം 2021 ഡിസംബര്‍ അവസാനം 23.36 ലക്ഷം കോടി രൂപയായിരുന്നു. ഇത് 21.73 ലക്ഷം കോടി രൂപയായി കുറഞ്ഞു. അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് അദാനി പവറിന്റെ ഓഹരിയാണ്. 2022ല്‍ 334 ശതമാനമാണ് അദാനി പവറിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം.
38,473 കോടി രൂപയില്‍ നിന്ന് 1.67 ലക്ഷം കോടി രൂപയായി കമ്പനിയുടെ വിപണിമൂല്യം വളര്‍ന്നു. അദാനി ട്രാന്‍സ്‌മിഷന്‍ 103.6 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 96.7 ശതമാനവും വളര്‍ച്ചയാണ് വിപണിമൂല്യത്തില്‍ കൈവരിച്ചത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ് എന്നീ നാല് കമ്പനികളുടെ വിപണിമൂല്യം മൂന്ന് ലക്ഷം കോടി രൂപക്ക് മുകളിലാണ്.