
മുംബൈ: അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) പൂർണ്ണ ഉടമസ്ഥതയിലുള്ള എച്ച്‌ഡിസി ബൾക്ക് ടെർമിനൽ ലിമിറ്റഡ് (എച്ച്‌ബിടിഎൽ) കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖവുമായി (എസ്‌എംപികെ) ഒരു ഇളവ് കരാർ ഒപ്പുവച്ചു. ഹാൽദിയ തുറമുഖത്തിന്റെ ബെർത്ത് നമ്പർ 2 ന്റെ യന്ത്രവൽക്കരണത്തിനായി ആണ് നിർദിഷ്ട കരാർ.
ഇത് ഫെബ്രുവരിയിൽ എസ്എംപികെ ഈ പദ്ധതിയുടെ വിജയിച്ച ലേലക്കാരനായി എപിഎസ്ഇഇസഡിനെ തിരഞ്ഞെടുത്തതിന്റെ തുടർച്ചയായാണ് എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. 298 കോടി രൂപയാണ് പദ്ധതിക്കായി വേണ്ടി വരുന്ന ചെലവ്.
ഹാൽദിയ ബൾക്ക് ടെർമിനലിന്റെ യന്ത്രവൽക്കരണവും നവീകരണവും ബംഗാളിൽ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ കാൽപ്പാടുകൾ ഉറപ്പിക്കുന്നതിനുള്ള അവസരം നൽകുന്നതായി എപിഎസ്ഇഇസഡിന്റെ സിഇഒയും ഹോൾ ടൈം ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു.
എസ്എംപികെയും എച്ച്‌ബിടിഎല്ലും തമ്മിൽ ഒപ്പുവച്ച കൺസഷൻ കരാർ പ്രകാരം, പദ്ധതി നടപ്പിലാക്കാൻ രൂപീകരിച്ച എസ്പിവിക്ക് 3.74 ദശലക്ഷം ടൺ ശേഷിയുള്ള ബൾക്ക് ടെർമിനൽ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം ലഭിക്കും. ഇതിനുള്ള ഇളവ് കാലാവധി 30 വർഷമാണ്.
വിവിധ ബൾക്ക് ഹാൻഡ്ലിംഗ് സൗകര്യങ്ങൾ ഹാൽദിയ ഡോക്ക് കോംപ്ലക്സിൽ ഉണ്ട്. ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, അസം, വടക്കുകിഴക്കൻ മലയോര സംസ്ഥാനങ്ങൾ, കരയാൽ ചുറ്റപ്പെട്ട അയൽരാജ്യമായ നേപ്പാൾ എന്നിവയുൾപ്പെടെയുള്ള വലിയ ഉൾപ്രദേശങ്ങളെ ഹൽദിയ ഡോക്ക് കോംപ്ലക്‌സ് പരിപാലിക്കുന്നു.
കൂടാതെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ പ്ലാന്റുകൾ, പവർ പ്ലാന്റുകൾ, സിമന്റ് പ്ലാന്റുകൾ എന്നിവയിലെ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല ഈ ടെർമിനൽ കൈകാര്യം ചെയ്യും. ഒപ്പിട്ട കൺസഷൻ കരാർ പ്രകാരം ആറ് മാസത്തിനുള്ളിൽ പ്രോജെക്ട് ഏറ്റെടുത്ത് എച്ച്ബിടിഎൽ ടെർമിനലിന്റെ നിർമ്മാണം ആരംഭിക്കും. പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.