മുംബൈ: നഷ്ടപ്പെട്ട വിപണി മൂല്യം തിരിച്ചുപിടിച്ചിരിക്കയാണ് അദാനി പോര്‍ട്ട്‌സ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങള്‍ കാരണമാണ് ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ചോര്‍ന്നത്.
ഏകദേശ 150 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് കമ്പനികള്‍ക്ക് നഷ്ടമായത്. അതില്‍ അദാനി പോര്‍ട്ട്‌സ് ഇപ്പോള്‍ പൂര്‍ണ്ണമായും വീണ്ടെടുപ്പ് നടത്തി. അദാനി ഗ്രൂപ്പിലെ മുഴുവന്‍ ഓഹരികളും ചൊവ്വാഴ്ച നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.
ഓഹരി വിലയില്‍ കൃത്രിമം നടത്തിയതിന് തെളിവില്ലെന്ന ഇന്ത്യന്‍ കോടതി പാനലിന്റെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഓഹരികളെ ഉയര്‍ത്തുന്നത്. 10 അദാനി ഓഹരികളുടെ സംയോജിത വിപണി മൂല്യം വ്യാഴാഴ്ച ക്ലോസ് ചെയ്തതിന് ശേഷം ഏകദേശം 22 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു.
മാത്രമല്ല ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് ശേഷമുള്ള മൂല്യ ചോര്‍ച്ച ഏകദേശം 105 ബില്യണ്‍ ഡോളറായി കുറയ്ക്കാനും ഓഹരികള്‍ക്കായി. നേരത്തെ 153 ബില്യണ്‍ ഡോളറായിരുന്നു നഷ്ടം.ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ ഏറ്റവും ലാഭകരമായ ആസ്തികളില്‍ തുറമുഖ ബിസിനസ് ഉള്‍പ്പെടുന്നു.
വിശകലന വിദഗ്ധര്‍ വ്യാപകമായി ട്രാക്ക് ചെയ്യുന്ന ഓഹരി കൂടിയാണ് പോര്‍ട്ട്‌സിന്റേത്. കവറേജുള്ള 20 അനലിസ്റ്റുകളും നിലവില്‍, ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. 1 ശതമാനത്തോളം ഉയര്‍ന്ന് 735 രൂപയിലാണ് അദാനി പോര്‍ട്ട്‌സ് ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.
1.59 ലക്ഷം കോടി രൂപയാണ് വിപണി മൂല്യം.