ദില്ലി: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോർട്ട്‌സ് മാർച്ചിൽ കാലാവധി പൂർത്തിയാകുന്ന പ്രോമിസറി നോട്ടുകളിൽ 1,000 കോടി രൂപ മുൻകൂട്ടി അടയ്ക്കാൻ പദ്ധതിയിടുന്നു.
നിലവിൽ അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ക്യാഷ് ബാലൻസിൽ നിന്നും ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളിൽ നിന്നുമാണ് ഇതിനാവശ്യമായുള്ള പണം സ്വരൂപിക്കുന്നത്.
മാർച്ചിൽ അദാനി പോർട്ട്സിന് കാലാവധി പൂർത്തിയാകുന്ന 2000 കോടി രൂപയുടെ പ്രോമിസറി നോട്ടുകൾ ഉണ്ടെന്നാണ് ഇൻഫർമേഷൻ സർവീസ് പ്രൊവൈഡർ പ്രൈം ഡാറ്റാബേസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച കാലാവധി പൂർത്തിയായ പ്രോമിസറി നോട്ടുകളിൽ എസ്ബിഐ മ്യൂച്വൽ ഫണ്ടിലേക്ക് 15 ബില്യൺ രൂപ കമ്പനി നൽകിയതായാണ് റിപ്പോർട്ട്.
കോർപ്പറേഷനുകൾ നൽകുന്ന സുരക്ഷിതമല്ലാത്ത, ഹ്രസ്വകാല കടബാധ്യത ഉപകരണമാണ് പ്രോമിസറി നോട്ടുകള്‍. അതായത്, ഹ്രസ്വകാല ബാധ്യതകൾക്ക് ധനസഹായം നൽകാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു.
അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും തങ്ങളുടെ ഹ്രസ്വകാല പ്രോമിസറി നോട്ടുകളുടെ കടം നീട്ടി കൊണ്ടുപോകുന്നതിന് പകരം തിരിച്ചടയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏതൊക്കെ ബോണ്ടുകൾ തിരിച്ചടയ്ക്കുമെന്ന് വ്യക്തമാക്കാതെ 2023 -24 സാമ്പത്തിക വർഷത്തിൽ 50 ബില്യൺ രൂപയുടെ കടം തിരിച്ചടയ്ക്കുന്നത് പരിഗണിക്കുമെന്ന് ഈ മാസം ആദ്യം അദാനി പോർട്ട്സ് പറഞ്ഞിരുന്നു.
അതേസമയം, അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത് തുടരാൻ തയ്യാറാണെന്ന് ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ചേരി പുനർനിർമ്മിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിന് ഉൾപ്പെടെ, പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന് അധിക പണം വായ്പ നൽകുന്നത് പരിഗണിക്കാൻ തയ്യാറാണെന്ന് ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നേരിടുന്ന ചാഞ്ചാട്ടത്തെ കുറിച്ച് തനിക്ക് ആശങ്ക ഇല്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, കമ്പനിക്ക് വായ്പ നൽകുമെന്നും സഞ്ജീവ് ചദ്ദ വ്യക്തമാക്കിയിട്ടുണ്ട്.