മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ശക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തെ ഗ്രൂപ്പിന്റെ സങ്കീര്‍ണ്ണമായ ബിസിനസ്സ് ഇടപാടുകള്‍ പരിശോധിക്കുകയാണെന്ന് റെഗുലേറ്റര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. അന്വേഷണ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കാനും സെബി അഭ്യര്‍ത്ഥിച്ചു.
ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സംശയാസ്പദമായ 12 ഇടപാടുകളെക്കുറിച്ച് പ്രാഥമിക കാഴ്ചപ്പാട് രൂപീകരിച്ചു. എന്നിരുന്നാലും, വിശദമായ അന്വേഷണത്തിന് സമയമെടുക്കും. മാത്രമല്ല അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കയാണ്.
നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് കൃത്രിമത്വവും ആരോപിച്ചിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സെബിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
അടിസ്ഥാനരഹിതമെന്ന് അദാനി തള്ളിക്കളഞ്ഞെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 145 ബില്യണ്‍ ഡോളര്‍ ചോര്‍ന്നു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്റ് സാമ്പത്തിക മേഖല, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍ എന്നീ ഏഴ് പ്രധാന അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 12 നും ഏപ്രില്‍ 22 നും ഇടയില്‍ സെബി ഒന്നിലധികം ചോദ്യങ്ങള്‍ അയച്ചിരുന്നു.