മുംബൈ: ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്കാണ് അദാനി വീണത്. ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്.
സമ്പത്തിന്റെ കണക്കിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ലൂയിസ് വിറ്റൺ സ്ഥാപകന് 11.54 ലക്ഷം കോടിയുടെ ആസ്തിയാണുള്ളത്. ജെഫ് ബെസോസിന്റെ ആസ്തി 11.56 ലക്ഷമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിയുടെ ആസ്തി 5.7 ബില്യൺ ഡോളർ കുറഞ്ഞ് 10.97 ലക്ഷം കോടിയായി. ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കാണ് ലോകത്തെ ഏറ്റവും ധനികനായ വ്യക്തി. 21.52 ലക്ഷം കോടിയാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിലെ തകർച്ചയാണ് അദാനിയുടെ തിരിച്ചടിക്കുള്ള കാരണം.
പണപ്പെരുപ്പം പിടിച്ചുനിർത്താനായി വായ്പ പലിശനിരക്കുകൾ ഉയർത്താനുള്ള യു.എസ് കേന്ദ്രബാങ്ക് തീരുമാനം ഓഹരി വിപണിയെ സ്വാധീനിച്ചിരുന്നു. ഇത് അദാനിക്കും തിരിച്ചടിയുണ്ടാക്കി.