
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എനർജി സൊല്യൂഷൻസ്, ശ്രീലങ്കയിലെ നിർദിഷ്ട കാറ്റാടിപ്പാടം (wind power projects in Sri Lanka) പിന്മാറുന്നു. ഇതു സംബന്ധിച്ച് ശ്രീലങ്കൻ സർക്കാരിന് അദാനി ഗ്രൂപ്പ് കത്തയച്ചെന്നാണ് റിപ്പോർട്ടുകൾ.
കാറ്റാടിപ്പാടത്തിന് പുറമേ രണ്ട് വൈദ്യുതി വിതരണക്കരാറുകളിൽ നിന്നും പിന്മാറാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചെന്നാണ് കത്തിലുള്ളത്.
അതേസമയം, ശ്രീലങ്കയുമായി ഭാവിയിൽ സഹകരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ അതു ശ്രീലങ്കൻ സർക്കാരിനു താൽപര്യമുണ്ടെങ്കിൽ മാത്രമായിരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിൽ നിന്നു വൈദ്യുതി വാങ്ങാനുള്ള കരാറും രാജ്യത്തെ അദാനിയുടെ നിക്ഷേപ പദ്ധതികളും പുനഃപരിശോധിക്കാൻ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.
അദാനിക്കെതിരെ യുഎസിൽ കൈക്കൂലിക്കേസ് അടക്കം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. യുഎസിന്റെ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിക്കുകയും ചെയ്തിരുന്നു.
20 വർഷത്തെ കരാർ അടിസ്ഥാനത്തിൽ, 484 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ള കാറ്റാടിപ്പാടം പദ്ധതിയാണ് വടക്കൻ ശ്രീലങ്കയിലെ മാന്നാർ, പൂനെരിൻ മേഖലകളിലായി സ്ഥാപിക്കാൻ അദാനി ഗ്രീൻ എനർജി പദ്ധതിയിട്ടത്.
ഏകദേശം 3,800 കോടി രൂപയായിരുന്നു പ്രതീക്ഷിത നിക്ഷേപം. ശ്രീലങ്കയ്ക്ക് കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ സുപ്രധാന തുറമുഖത്ത് 70 കോടി ഡോളറിന്റെ (ഏകദേശം 6,000 കോടി രൂപ) രാജ്യാന്തര കണ്ടെയ്‌നർ ടെർമിനലും അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നുണ്ട്.
ഓസ്ട്രേലിയൻ പദ്ധതി മുന്നോട്ട്
ഓസ്ട്രേലിയയിലെ നോർത്തേൺ ക്യൂൻസ്‌ലൻഡിൽ അദാനി ഗ്രൂപ്പിനുള്ള കൽക്കരി ടെർമിനൽ പദ്ധതിക്ക് കിങ് സ്ട്രീറ്റ് ക്യാപിറ്റൽ മാനേജ്മെന്റ്, സോന അസറ്റ് മാനേജ്മെന്റ് എന്നിവയിൽ നിന്ന് 20.7 കോടി ഡോളറിന്റെ (1,800 കോടി രൂപ) വായ്പ ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ പദ്ധതിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ടു നീങ്ങുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. മാത്രമല്ല, യുഎസ് ഉയർത്തിയ കൈക്കൂലി ആരോപണങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് അദാനി ഗ്രൂപ്പ് മുക്തരായെന്ന് വ്യക്തമാക്കുന്നതുമാണ് പുതിയ വായ്പാ ലഭ്യത.