
മുംബൈ: ഹോൾസിമിന്റെ രണ്ട് ലിസ്റ്റ് ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങളായ അംബുജ സിമന്റ്‌സിന്റെയും എസിസിയുടെയും 26 ശതമാനം ഓഹരികൾ പൊതു ഓഹരി ഉടമകളിൽ നിന്ന് സ്വന്തമാക്കാൻ ഓപ്പൺ ഓഫറുമായി അദാനി. അദാനി ഗ്രൂപ്പ് അവരുടെ 31,000 കോടി രൂപയുടെ ഓപ്പൺ ഓഫർ അടുത്തയാഴ്ച അവതരിപ്പിക്കും.
മെയ് മാസത്തിൽ, ഹോൾസിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിൽ 10.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ച് അതിന്റെ നിയന്ത്രിത ഓഹരികൾ സ്വന്തമാക്കാനുള്ള കരാർ ഒപ്പിട്ടതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. മാർക്കറ്റ് റെഗുലേറ്ററായ സെബി ഈ ആഴ്ച കമ്പനിയുടെ ഓപ്പൺ ഓഫറിന് അനുമതി നൽകിയിരുന്നു. ഓപ്പൺ ഓഫർ പൂർണ്ണമായി സബ്‌സ്‌ക്രൈബുചെയ്യുകയാണെങ്കിൽ ഇത് 31,000 കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.
അദാനി ഗ്രൂപ്പിന്റെ മൗറീഷ്യസ് ആസ്ഥാനമായുള്ള സ്ഥാപനമായ എൻഡവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ആരംഭിച്ച ഓപ്പൺ ഓഫറിനായി അംബുജ സിമന്റ്‌സും എസിസിയും ഓഫറുകളുടെ കത്ത് സമർപ്പിച്ചതായി കമ്പനികൾ രണ്ട് വ്യത്യസ്ത റെഗുലേറ്ററി ഫയലിംഗുകളിലൂടെ അറിയിച്ചു. ഓപ്പൺ ഓഫറിന്റെ മാനേജർമാരായ ഐസിഐസിഐ സെക്യൂരിറ്റീസും ഡച്ച് ഇക്വിറ്റീസ് ഇന്ത്യയും സമർപ്പിച്ച പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഓഫറിലെ ഓഹരികളുടെ ടെൻഡറിംഗ് ഓഗസ്റ്റ് 26 ന് ആരംഭിച്ച് സെപ്റ്റംബർ 9 ന് അവസാനിക്കും.
അദാനി ഗ്രൂപ്പും ഹോൾസിമും തമ്മിലുള്ള ഓഹരി വാങ്ങൽ കരാർ നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ ഓപ്പൺ ഓഫർ ആരംഭിച്ചത്. ഈ ഇടപാടിന്റെ ഭാഗമായി അംബുജ സിമന്റ്സിന്റെ 63.1 ശതമാനം ഓഹരികളും അനുബന്ധ ആസ്തികളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. അംബുജയുടെ പ്രാദേശിക ഉപസ്ഥാപനങ്ങളിൽ എസിസി ലിമിറ്റഡ് ഉൾപ്പെടുന്നു. അംബുജ സിമന്റ്‌സിനും എസിസിക്കും നിലവിൽ പ്രതിവർഷം 70 ദശലക്ഷം ടൺ സ്ഥാപിത ഉൽപ്പാദന ശേഷിയുണ്ട്.