മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അദാനി ടോട്ടൽ ഗ്യാസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 72.1% വർധിച്ച് 1,115.50 കോടി രൂപയായപ്പോൾ ഏകീകൃത അറ്റാദായം 1.2% ഉയർന്ന് 160.02 കോടി രൂപയായി.
അതേസമയം കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 12 ശതമാനം ഇടിഞ്ഞ് 187.53 കോടി രൂപയായി കുറഞ്ഞു. കൂടാതെ രണ്ടാം പാദത്തിൽ ഇബിഐടിഡിഎ മുൻ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 246 കോടി രൂപയേക്കാൾ 4 ശതമാനം ഇടിഞ്ഞ് 236 കോടി രൂപയായി. സെപ്‌റ്റംബർ പാദത്തിൽ മൊത്തം ചെലവുകൾ 1,012.90 കോടിയായി കുതിച്ചുയർന്നതാണ് ഇതിന് കാരണം.
2022 സാമ്പത്തിക വർഷത്തിലെ 175 എംഎംഎസ്‌സിഎമ്മിൽ നിന്ന് മൊത്തം വിൽപ്പന അളവ് 9% വർധിച്ച് 191 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററായി (എംഎംഎസ്‌സിഎം) ഉയർന്നു. അതിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വിൽപ്പന 25% ഉയർന്ന് 113 എംഎംഎസ്‌സിഎം ആയപ്പോൾ പിഎൻജി വിൽപ്പന 8% ഇടിഞ്ഞ് 77 എംഎംഎസ്‌സിഎം ആയി.
വ്യാവസായിക, വാണിജ്യ, ഗാർഹിക ഉപഭോക്താക്കൾക്ക് പൈപ്പ് നാച്ചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) എന്നിവ വിതരണം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് അദാനി ടോട്ടൽ ഗ്യാസ്. ബിഎസ്ഇയിൽ അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 0.64 ശതമാനം ഇടിഞ്ഞ് 3,631.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്.