
ന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ യു.എസിൽ വീണ്ടും അന്വേഷണം. ആന്ധ്രപ്രദേശ് സർക്കാറും അദാനിയുടെ ഗ്രീൻ എനർജിയും തമ്മിലുള്ള വൈദ്യുതി കരാറിലാണ് അന്വേഷണം നടക്കുന്നത്.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് ആന്ധ്രപ്രദേശ് സർക്കാറും അദാനി കമ്പനിയും തമ്മിൽ വൈദ്യുതി കരാറിൽ ഒപ്പുവെച്ചത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
അടുത്ത് 10 വർഷത്തേക്ക് സംസ്ഥാനത്തിന് സൗരോർജ വൈദ്യുതി ആവശ്യമില്ലെന്ന് വിലയിരുത്തിയതിന് പിന്നാലെയായിരുന്നു ആന്ധ്ര അദാനി കമ്പനിയുമായി കരാർ ഒപ്പിട്ടത്.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ സമീപിച്ചതിന് പിന്നാലെ തിടുക്കത്തിൽ അദാനി കമ്പനിക്ക് സൗരോർജ വൈദ്യുതി വിതരണത്തിന് വേണ്ടിയുള്ള കരാറിൽ നൽകുകയായിരുന്നു.
ഏത് കമ്പനിക്ക് വൈദ്യുതി വിതരണത്തിനുള്ള കരാർ നൽകണമെന്ന് സോളാർ എനർജി കോർപ്പറേഷൻ വ്യക്തമാക്കിയില്ലെങ്കിലും എന്നാൽ വൈദ്യുതി വിതരണത്തിനായി രണ്ട് കമ്പനികളെ മാത്രമാണ് അവർ ബന്ധപ്പെട്ടത്.
തുടർന്ന് കരാറിൽ ഒപ്പുവെക്കാൻ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ അതിവേഗം സംസ്ഥാന സർക്കാറിന് അനുമതി നൽകി.
തുടർന്ന് 490 മില്യൺ ഡോളർ മൂല്യമുള്ള കരാറിൽ സംസ്ഥാന സർക്കാറും കമ്പനികളും ഒപ്പിട്ടു. ഇതിൽ 97 ശതമാനം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രീനിനാണ് നൽകിയത്.
57 ദിവസത്തിനുള്ളിൽ സോളാർ എനർജി കോർപ്പറേഷന്റേയും സംസ്ഥാന റെഗുലേറ്ററി കമീഷന്റെയും അനുമതികൾ ലഭ്യമാക്കി കരാർ ഒപ്പിട്ടതിൽ അഴിമതിയുണ്ടെന്നാണ് വിലയിരുത്തൽ.
അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ കമ്പനി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പോ ആന്ധ്ര സർക്കാറോ തയാറായിട്ടില്ല.