
ന്യൂഡല്‍ഹി: ചരക്ക് വില വര്‍ദ്ധന, ഉയര്‍ന്ന ഊര്‍ജ ചെലവ്, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ അനുമാനം കുറച്ചിരിക്കയാണ് ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക് (എഡിബി). 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7 ശതമാനമാകുമെന്ന് അവര്‍ പറയുന്നു. മുന്‍ അനുമാനത്തേക്കാള്‍ 50 ബേസിസ് പോയിന്റ് കുറവ്.
നിലവിലെ അനുമാനം റിസര്‍വ് ബാങ്കിന്റേതിനേക്കാള്‍ കുറവാണ്. 7.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച നിരക്ക് 7.2 ശതമാനമായി കുറയ്ക്കാനും എഡിബി തയ്യാറായി.
മുന്‍ അനുമാനത്തേക്കാള്‍ 80 ബേസിസ് പോയിന്റ് ഇടിവാണ് ഇത്. മികച്ച നിക്ഷേപമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് ബാങ്ക് പറഞ്ഞു. എന്നാല്‍ ആഗോള ഡിമാന്റ് പ്രതീക്ഷിച്ചതിലും ദുര്‍ബലമായതും കയറ്റുമതിക്കുറവും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
ഈ വര്‍ഷം ദക്ഷിണ ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനവും പടിഞ്ഞാറന്‍ ഏഷ്യ 3.2 ശതമാനവും വളര്‍ച്ച നേടുമെന്നും എഡിബി അറിയിച്ചു. യഥാക്രമം 7 ശതമാനം, 3.2 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. ചൈനയുടെ വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ നിന്നും 3.3 ശതമാനമായി കുറയ്ക്കാനും എഡിബി തയ്യാറായി.
സീറോ-കോവിഡ് പോളിസി, പ്രോപ്പര്‍ട്ടിമേഖലയിലെ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ ബാഹ്യ ഡിമാന്റ് എന്നിവയാണ് ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.