മുംബൈ: ഇൻഷുറൻസ് കമ്പനിയായ റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ (ആർഎൻഎൽഐസി) റിലയൻസ് ക്യാപിറ്റലിന്റെ ഓഹരികൾ സ്വന്തമാക്കാൻ പദ്ധതിയിട്ട് ആദിത്യ ബിർള ക്യാപിറ്റൽ. നിപ്പോൺ ലൈഫുമായുള്ള സംയുക്ത സംരംഭത്തിലെ റിലയൻസിന്റെ 51% ഓഹരികൾ വാങ്ങാൻ ആദിത്യ ബിർള ക്യാപിറ്റൽ ശ്രമിക്കുന്നതായി ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആർഎൻഎൽഐസിക്കായി ബിഡ് സമർപ്പിക്കാനുള്ള സമയപരിധി 2022 ഓഗസ്റ്റ് 29 ആയിരുന്നു. ഈ സമയപരിധിക്കുള്ളിൽ കമ്പനിക്ക് ബിഡുകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും, ബൈൻഡിംഗ് ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്.
ആദിത്യ ബിർള ക്യാപിറ്റലിന് പുറമെ, റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ റിലയൻസ് ക്യാപിറ്റലിന്റെ 51 ശതമാനം ഓഹരികൾക്കായി ടോറന്റ് ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മൂല്യം 5,800 കോടി രൂപയാണ്.
പേയ്‌മെന്റ് വീഴ്ചകളും ഗുരുതരമായ ഭരണ പ്രശ്‌നങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വർഷം നവംബർ 29 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആർസിഎല്ലിന്റെ ബോർഡിനെ അസാധുവാക്കിയിരുന്നു. കമ്പനി നിലവിൽ പാപ്പരത്ത പരിഹാര പ്രക്രിയക്ക് കീഴിലാണ്.