
മുംബൈ: പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ആദിത്യ ബിർള ക്യാപിറ്റലിന്റെ 2022 സാമ്പത്തിക വർഷത്തെ മൊത്ത വരുമാനം 15 ശതമാനം വർധിച്ച് 22,000 കോടി രൂപയായി ഉയർന്നു. സമ്പദ്‌വ്യവസ്ഥയിൽ വലിയ പിരിമുറുക്കങ്ങൾ ഉണ്ടായിരിന്നിട്ടും ഈ നേട്ടം കൈവരിക്കാൻ തങ്ങൾക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി കമ്പനി അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.
2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നികുതിയാനന്തര ലാഭം (ന്യൂനപക്ഷ പലിശയ്ക്ക് ശേഷം) 51 ശതമാനം വർധിച്ച് 1,706 കോടി രൂപയായി. സമാനമായി ഈ കാലയളവിലെ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വായ്പാ ബുക്ക് (NBFC, ഹൗസിംഗ് ഫിനാൻസ്) 11 ശതമാനം ഉയർന്ന് 67,185 കോടി രൂപയായി. ഇതിൽ റീട്ടെയിൽ, എസ്എംഇ, എച്ച്എൻഐ വിഭാഗങ്ങൾ മൊത്തം വായ്പാ ബുക്കിന്റെ 68 ശതമാനം സംഭാവന ചെയ്തു.
അതേപോലെ കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് ബിസിനസിന്റെ ഏകീകൃത വരുമാനം 30 ശതമാനം വർധിച്ച് 5,590 കോടിയായപ്പോൾ നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 42 ശതമാനം വർധിച്ച് 429 കോടി രൂപയായി. കൂടാതെ പ്രസ്തുത പാദത്തിൽ കമ്പനിയുടെ ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് ബിസിനസുകളുടെ മൊത്തം പ്രീമിയം 53 ശതമാനം വർധിച്ച് 3,250 കോടി രൂപയായി.