ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഇന്ത്യ സിമന്റ്സ് കമ്പനിയുടെ ഭൂരിപക്ഷം ഓഹരിയും ഏറ്റെടുക്കാൻ ആദിത്യ ബി‌ർള

മുംബൈ: ആഭ്യന്തര സിമന്റ് വിപണിയിൽ പോര് മുറുകുന്നു. രാജ്യത്തെ പ്രബല കോർപറേറ്റ് സ്ഥാപനങ്ങളായ ആദിത്യ ബിർള ഗ്രൂപ്പും അദാനി ഗ്രൂപ്പും തമ്മിൽ സിമന്റ് വിപണിയിൽ കാഴ്ചവെക്കുന്ന വാശിയേറിയ പോരാട്ടമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

കഴിഞ്ഞ എട്ട് മാസത്തിനിടെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് സിമന്റ് കമ്പനികളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ ഇന്ത്യൻ സിമന്റ് വിപണിയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള മറുനീക്കവുമായി ആദിത്യ ബിർള ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു.

ഏറ്റവുമൊടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ആദിത്യ ബിർള ഗ്രൂപ്പിന്റെ ഭാഗമായ അൾട്രാടെക് സിമന്റ്, ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുൻനിര സിമന്റ് കമ്പനികളിലൊന്നായ ദി ഇന്ത്യ സിമന്റ്സ് ലിമിറ്റഡിന്റെ 32.72 ശതമാനം ഓഹരി വിഹിതം കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു.

ഇന്ത്യ സിമന്റ്സിന്റെ ഓഹരിയൊന്നിന് 390 രൂപ നിരക്കിലാണ് ഏറ്റെടുക്കൽ. ഇതിനായി 3,954 കോടി രൂപ ചെലവിടും. ഞായറാഴ്ച ചേർന്ന അൾട്രാടെക് സിമന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് അധിക ഓഹരികളുടെ ഏറ്റെടുക്കൽ തീരുമാനം അംഗീകരിച്ചത്.

ശങ്കർ സിമന്റ്, കൊറോമാണ്ടൽ സിമന്റ്, രാശി ഗോൾഡ് എന്നിവയാണ് ഇന്ത്യ സിമന്റ്സിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട സിമന്റ് ബ്രാൻഡുകൾ.

ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യ സിമന്റ്സിന്റെ 22.77 ശതമാനം ഓഹരി വിഹിതം ആദിത്യ ബിർള ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അന്ന് ഇന്ത്യ സിമന്റ്സിന്റെ ഓഹരിയൊന്നിന് 268 രൂപ വീതം നൽകിയായിരുന്നു ഏറ്റെടുത്തത്.

പുതിയതായി തീരുമാനിച്ച അധിക ഓഹരികളുടെ ഏറ്റെടുക്കൽ കൂടി പൂർത്തിയാകുമ്പോൾ ഇന്ത്യ സിമന്റ്സിന്റെ 55.49 ശതമാനം ഓഹരി വിഹിതവും ആദിത്യ ബിർള ഗ്രൂപ്പിന്റെ കൈവശമാകും.

ഇതിന് പുറമെ 8.05 കോടി ഓഹരികൾ അഥവാ 26 ശതമാനം ഓഹരി വിഹിതം കൂടി റീട്ടെയിൽ നിക്ഷേപകരിൽ നിന്നും ഓപ്പൺ ഓഫറിലൂടെ വാങ്ങാനും പദ്ധതിയിടുന്നു. ഇന്ത്യ സിമന്റ്സിന്റെ ഓഹരിയൊന്നിന് 390 രൂപ തന്നെയാണ് ഓപ്പൺ ഓഫറിലൂടെ വാങ്ങുന്നതിനായുള്ള നിരക്ക് ആദിത്യ ബിർള ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനായിരുന്ന എൻ ശ്രീനിവാസനാണ് 1989 മുതൽ ഇന്ത്യ സിമന്റ്സിനെ നയിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ എൺപത് വയസ്സ് പിന്നിട്ട അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി.

എന്നാൽ ഭാര്യ ചിത്ര ശ്രീനിവാസനും മകളായ രൂപ ഗുരുനാഥിനും ഇന്ത്യ സിമന്റ്സ് കമ്പനി ഏറ്റെടുത്ത് നടത്താൻ താത്പര്യം ഇല്ലാതിരുന്നതോടെയാണ് ഓഹരി വിൽപന പരിഗണിച്ചത്.

ഇതിനിടെ അദാനി ഗ്രൂപ്പ് സിമന്റ് വിപണിയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചതോടെ, നിലവിലെ ഒന്നാം സ്ഥാനക്കാരായ ആദിത്യ ബിർള ഗ്രൂപ്പ് ഇന്ത്യ സിമന്റ്സിന്റെ ഓഹരി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം ചെന്നൈ സൂപ്പർ കിങ്സിന്റെ ഓഹരികൾ ശ്രീനിവാസൻ കുടുംബം നിലനിർത്തിയിട്ടുണ്ട്.

അദാനി ഗ്രൂപ്പ് സിമന്റ് കമ്പനികൾ
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനികളിൽ ഉൾപ്പെടുന്ന എസിസി, അംബുജ സിമന്റ്സ് എന്നിവയെ 2022 സെപ്റ്റംബറിൽ ഏറ്റെടുത്തു കൊണ്ടാണ് അദാനി ഗ്രൂപ്പ് സിമന്റ് നിർമാണ മേഖലയിലേക്ക് കടന്നെത്തിയത്.

ഏകദേശം 640 കോടി ഡോളർ (ഇന്നത്തെ വിനിമയ നിരക്കിൽ 53,100 കോടി രൂപ) ചെലവഴിച്ചാണ് ഈ രണ്ട് കമ്പനികളെയും അദാനി സ്വന്തമാക്കിയത്. ഇതോടെ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക് സിമന്റ് കമ്പനിക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമാതാക്കളെന്ന നേട്ടവും അദാനി ഗ്രൂപ്പിന് വന്നുചേർന്നു.

നിലവിൽ എസിസി, അംബുജ സിമന്റ് കമ്പനികളുടെ വാർഷിക ഉത്പാദന ശേഷി 77.4 ദശലക്ഷം ടൺ സിമന്റ് ആണ്.

പിന്നാലെ 2023 ഡിസംബർ മാസത്തിൽ തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിമന്റ് കമ്പനിയായ സാംഘി ഇൻഡസ്ട്രീസിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഏകദേശം 5,200 കോടി രൂപ ചെലവഴിച്ചായിരുന്നു ഈ ഏറ്റെടുക്കൽ.

നിലവിൽ 6.1 ദശലക്ഷം ടൺ സിമന്റ് ആണ് സാംഘി ഇൻഡസ്ട്രീസിന്റെ വാർഷിക ഉത്പാദനശേഷി. തുടർന്ന് 2024 ജൂൺ മാസത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ശക്തമായ പ്രവർത്തന സാന്നിധ്യമുള്ള പെന്ന സിമന്റ് ഇൻ‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.

10,400ലധികം കോടി രൂപ ചെലവഴിച്ചാണ് ഈ ഏറ്റെടുക്കൽ. നിലവിൽ പെന്ന സിമന്റ്സിന്റെ ഉത്പാദന ശേഷി 10 ദശലക്ഷം ടൺ സിമന്റ് ആണ്. പെന്ന സിമന്റ്സിലൂടെ ശ്രീലങ്കൻ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനും അദാനി ഗ്രൂപ്പിന് സാധിക്കും.

അതേസമയം 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ സിമന്റ് വിപണിയുടെ 20 ശതമാനം വിഹിതവും വാർഷികമായി 140 ദശലക്ഷം ടൺ സിമന്റ് ഉത്പാദന ശേഷി കൈവരിക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് സാംഘി ഇൻഡസ്ട്രീസിനെയും പെന്ന സിമന്റ്സിനേയും ഏറ്റെടുത്തത്.

കൂടാതെ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനും സിമന്റ് നിർമാണത്തിന് ആവശ്യമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അദാനി ഗ്രൂപ്പിന് കഴിഞ്ഞു. നിലവിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ള നാല് സിമന്റ് കമ്പനികൾക്കും കൂടി രാജ്യത്തെ 14 ശതമാനം വിപണി വിഹിതവും വാർഷികമായി 93.5 ദശലക്ഷം ടൺ ഉത്പാദന ശേഷിയും സ്വന്തമായുണ്ട്.

എന്തായാലും ആഭ്യന്തര സിമന്റ് വിപണി വളരുന്നതിനൊപ്പം ആധിപത്യത്തിനായുള്ള കോർപറേറ്റ് മത്സരവും കടുക്കുകയാണെന്ന് വ്യക്തം.

X
Top