
സാമ്പത്തിക പ്രതിസന്ധിയുടെ പേരില് ലോകത്തെമ്പാടുമുള്ള ടെക് കമ്പനികള് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. ആമസോണ്, മെറ്റ, ട്വിറ്റര് തുടങ്ങിയ ടെക് ഭീമന്മാരെല്ലാം പിരിച്ചുവിടല് നടത്തിയിരുന്നു.
ബൈജൂസ്, ജോഷ്, ഹെല്ത്തിഫൈ മീ തുടങ്ങിയ കമ്പനികളും ഈയടുത്തായി പിരിച്ചുവിടല് നടത്തിയിരുന്നു. ഇപ്പോഴിതാ ഇതേ പാതയില് തന്നെ നീങ്ങുകയാണ് കമ്പ്യൂട്ടര് സോഫ്റ്റ്വെയര് കമ്പനിയായ അഡോബി.
ഏകദേശം നൂറോളം ജീവനക്കാരെ അഡോബ് പിരിച്ചുവിട്ടതായാണ് വിവരങ്ങള്. സെയില്സ് ടീമില് നിന്നുമാണ് കൂടുതല് പേരെയും പുറത്താക്കിയിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.
28,700 ഓളം ജീവനക്കാരാണ് അഡോബിയിലുള്ളത്. പിരിച്ചുവിടലിന് വിധേയരായ ജീവനക്കാര്ക്ക് കമ്പനിയില് മറ്റ് തസ്തികകള് കണ്ടെത്താനുള്ള അവസരം അഡോബി നല്കിയിട്ടുണ്ട്. കുറച്ച് ജീവനക്കാരുടെ തസ്തികകള് മാറ്റിയെന്നും ചുരുക്കം പേരെ പിരിച്ചുവിട്ടെന്നുമാണ് അഡോബി പ്രസ്താവനയിലൂടെ അറിയിച്ചത്.
കൂടാതെ കമ്പനിയിലുടനീളമുള്ള പിരിച്ചുവിടലുകള് തങ്ങള് നടത്തുന്നില്ലെന്നും പ്രധാന തസ്തികകളിലേയ്ക്ക് ഇപ്പോഴും നിയമനം നടത്തുന്നുണ്ടെന്നും അഡോബി കൂട്ടിച്ചേര്ത്തു.