മുംബൈ: ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഭാഗമായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. ഇഷ്യു വിലയില്‍ നിന്നും എട്ട് ശതമാനം ഡിസ്‌കൗണ്ടോടെയാണ് ഈ ഓഹരി ഇന്ന് വ്യാപാരം തുടങ്ങിയത്.
463 രൂപ ഇഷ്യു വിലയുണ്ടായിരുന്ന അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്ന് എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത് 426 രൂപയിലാണ്. അതിനു ശേഷം 420.25 എന്ന താഴ്‌ന്ന വില രേഖപ്പെടുത്തി. പിന്നീടുണ്ടായ കരകയറ്റത്തില്‍ 461.70 രൂപ വരെ ഉയര്‍ന്നു.
ഒക്‌ടോബര്‍ 25 മുതല്‍ 29 വരെയായിരുന്നു അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ ഐപിഒ നടന്നത്. 2.77 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
5430 കോടി രൂപയാണ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്‌ട്രക്ഷന്‍ കമ്പനിയായ അഫ്‌കോണ്‍സ് ഇന്‍ഫ്രാ ഐപിഒ വഴി സമാഹരിച്ചത്. 1250 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 4180 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി ലഭിക്കുന്ന തുകയില്‍ 80 കോടി രൂപ നിര്‍മാണ ഉപകരണങ്ങള്‍ വാങ്ങുന്നതിനായും 3200 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധനത്തിനായും 600 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനായും ബാക്കി പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായും ഉപയോഗിക്കും.
1865-ല്‍ സ്ഥാപിതമായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് ആഗോള തലത്തില്‍ എഞ്ചിനീയറിംഗ്, നിര്‍മ്മാണം, അടിസ്ഥാന സൗകര്യം, റിയല്‍ എസ്‌റ്റേറ്റ്, ജലം, ഊര്‍ജ്ജം, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.
2021-22, 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനിയുടെ ശരാശരി പ്രതിവര്‍ഷ വരുമാന വളര്‍ച്ച 9.73 ശതമാനമാണ്. ഇക്കാലയളവില്‍ വരുമാനം 11,018.96 കോടി രൂപയില്‍ നിന്നും 13,267.49 കോടി രൂപയായി വളര്‍ന്നു.
ലാഭം 357.60 കോടി രൂപയില്‍ നിന്നും 449.73 കോടി രൂപയായാണ് വളര്‍ന്നത്.