
മുംബൈ: എയര്‍ ഇന്ത്യയുടെ ബിഗ് ഡീലിന് പിന്നാലെ രണ്ടാമത്തെ വലിയ ഓര്‍ഡര്‍ നല്‍കാൻ രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പ് എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍. 2027 വരെ 72 ജെറ്റ് വിമാനങ്ങളുടെ ഓര്‍ഡര്‍ ഇതിനകം നല്‍കിയ കമ്പനി ആഭ്യന്തര- അന്തര്‍ദേശീയ തലത്തിലെ ഉയര്‍ന്നു വരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ നല്‍കിയ ഒര്‍ഡറിന്റെ ഭാഗമായി 17 ബോയിംഗ് വിമാനങ്ങള്‍ ഇതിനകം തന്നെ കമ്പനി ഡെലിവറി എടുത്തിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ഓര്‍ഡര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ കടബാധ്യത പേറുന്ന ജെറ്റ് എയര്‍വേസ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ, ആദ്യത്യ ഘോഷ് എന്നിവർ ചേർന്നാണ് ആകാശ എയർ സ്ഥാപിച്ചത്. പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷമാകന്നതേയുള്ളു. ഒാഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുമായി ചേർന്നാണ് തുടക്കം. മുംബൈ ആസ്ഥാനമായ ഈ ബജറ്റ് എയര്‍ലൈനിന്റെ 46 ശതമാനം ഓഹരികള്‍ ഇവർക്ക് സ്വന്തമാണ്.
840 വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ബസും ബോയിംഗുമായി കരാറായെന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 370 വിമാനങ്ങള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിലുണ്ട്.
എയര്‍ബസില്‍ നിന്നും 250 എണ്ണം, ബോയിംഗില്‍ നിന്നും 220 എണ്ണം എന്ന കണക്കില്‍ ആകെ 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാര്‍ വഴി യുഎസില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാറാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വിമാന ഓര്‍ഡറാണിത്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാന ഓര്‍ഡര്‍ നല്‍കുന്നത്.