ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം തിങ്കളാഴ്ച നടന്നു. ആഭ്യന്തര, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ചര്‍ച്ചയായി. നവംബര്‍ 3 ന് ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗിന് മുന്നോടിയായാണ് ആര്‍ബിഐ 598ാമത് സെന്‍ട്രല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തത്.
നിലവിലെ ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികളും അവയുടെ ആഘാതവും യോഗം അവലോകനം ചെയ്തതായി കേന്ദ്രബാങ്ക് അറിയിക്കുന്നു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം, ഓംബുഡ്‌സ്മാന്‍ സ്‌കീം, തിരഞ്ഞെടുത്ത കേന്ദ്ര ഓഫീസ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ മഹേഷ് കെ ജെയിന്‍, മൈക്കല്‍ ഡി പത്ര, എം രാജേശ്വര റാവു, ടി റാബി ശങ്കര്‍, ബോര്‍ഡിന്റെ മറ്റ് ഡയറക്ടര്‍മാര്‍ സതീഷ് കെ മറാത്തെ, എസ് ഗുരുമൂര്‍ത്തി, രേവതി അയ്യര്‍, സച്ചിന്‍ ചതുര്‍വേദി, വേണു ശ്രീനിവാസന്‍, പങ്കജ് ആര്‍ പട്ടേല്‍, രവീന്ദ്ര എച്ച് ധോലാകിയ, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത് എന്നിവര്‍ പങ്കെടുത്തു.
എംപിസി യോഗം നവംബര്‍ 3 ന് ചേരുമെന്ന് ആര്‍ബിഐ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നുപാദങ്ങളില്‍ പണപ്പെരുപ്പ ലക്ഷ്യം നേടാനാകാത്ത സാഹചര്യത്തിലാണ് ഷെഡ്യൂള്‍ ചെയ്യാത്ത എംപിസിയോഗം നടക്കുന്നത്. പണപ്പെരുപ്പം ലക്ഷ്യം കടന്ന് ഉയര്‍ന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
വിശദീകരണ കത്ത് തയ്യാറാക്കലായിരിക്കും യോഗത്തിന്റെ ലക്ഷ്യം.