
ന്യൂഡൽഹി: പ്രവർത്തന ചരിത്രത്തിലെ ഏറ്റവും നിർണായകചുവടുമായി എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയുള്ള പുനരുജ്ജീവന നടപടികളുടെ ഭാഗമായി 500 പുത്തൻ വിമാനങ്ങൾ വാങ്ങാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
എയർബസ്, ബോയിംഗ് എന്നിവയിൽ നിന്ന് ജെറ്റ്‌ലൈനറുകളാണ് വാങ്ങുക. ഇതിൽ 400 എണ്ണം വീതികുറഞ്ഞതും 100 എണ്ണം വീതിയേറിയതുമായ ജെറ്റുകളായിരിക്കും.
എയർബസ് 350, ബോയിംഗ് 787, ബോയിംഗ് 777 എന്നിവ ഉൾപ്പെടുന്നതാണ് ഓർഡർ. 10,000 കോടി ഡോളറിനുമേൽ (ഏകദേശം 8.2 ലക്ഷം കോടി രൂപ) വരുന്ന ഓർഡർ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടപാടാണെന്ന് വിലയിരുത്തപ്പെടുന്നു.
ഒരു കമ്പനി ഒറ്റയടിക്ക് ഇത്രയും വിമാനങ്ങൾ വാങ്ങുന്നതും ആദ്യം. ഒരു ദശാബ്ദം മുമ്പ് അമേരിക്കൻ എയർലൈൻസ് ഒറ്റ ഓർഡറായി 460 വിമാനങ്ങൾ വാങ്ങിയിരുന്നു.
അതേസമയം, എയർഇന്ത്യയുടെ നീക്കത്തെ കുറിച്ച് ടാറ്റാ ഗ്രൂപ്പോ ബോയിംഗ്, എയർബസ് എന്നിവയോ പ്രതികരിച്ചിട്ടില്ല. എയർഇന്ത്യയും ടാറ്റയുടെ കീഴിലെ മറ്റൊരു കമ്പനിയായ വിസ്‌താരയും തമ്മിലെ ലയനം പ്രഖ്യാപിച്ചിരിക്കേയാണ് കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കം.
വിസ്താരയും എയർഇന്ത്യയും ലയിക്കുമ്പോൾ കമ്പനിയുടെ മൊത്തം വിമാനങ്ങൾ 218 ആയി മാറും.
ഇതുവഴി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയും (ഒന്നാംസ്ഥാനത്ത് ഇൻഡിഗോയാണ്) അന്താരാഷ്‌ട്ര സർവീസുകളിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയുമായി എയർഇന്ത്യ മാറും.