
വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ചൈന ഒഴിവാക്കിയ ബോയിങ് വിമാനങ്ങള്‍ അമേരിക്കന്‍ കമ്പനിയില്‍ നിന്നും വാങ്ങാന്‍ നീക്കങ്ങളുമായി എയര്‍ ഇന്ത്യ.
യുഎസ്-ചൈന വ്യാപകര നികുതി യുദ്ധത്തിന്റെ ഭാഗമായി നേട്ടം കൊയ്യാന്‍ സാധിക്കുമോയെന്നാണ് എയര്‍ ഇന്ത്യ നോക്കുന്നത്. 2019ലാണ് ചൈനീസ് എയര്‍ലൈന്‍സ് ബോയിങ് മാക്‌സ് ജെറ്റുകള്‍ വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കുന്നത്.
ട്രംപ് പ്രസിഡന്റായി എത്തിയതോടെ ചൈനയെ ശത്രുരാജ്യമെന്നോണം കരുതുകയും നികുതികള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായാണ് കരാറില്‍നിന്ന് പിന്മാറാനുള്ള നിലപാട് ചൈന എടുത്തത്. ഇതോടെ ഈ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.
ഈ നീക്കത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതരോ ബോയിങ് അധികൃതരോ പ്രതികരിക്കാന്‍ തയാറായിട്ടില്ല. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് 125 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ചൈനയുടെ ഷിയാമെന്‍ എയര്‍ലൈന്‍സിനുവേണ്ടി ആവശ്യപ്പെട്ട ബോയിങ്ങിന്റെ 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ തിരിച്ചയച്ചത്.
ചൈനയുടെ കടുത്ത തീരുമാനം അമേരിക്കന്‍ ഓഹരി വിപണിയില്‍ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.
ബോയിങ് ഏറ്റവും അധികം വില്‍ക്കുന്ന വിമാനമാണ് 737 മാക്‌സ് ജെറ്റ്. ഒരു വിമാനത്തിന് 55 ദശലക്ഷത്തോളം ഡോളറാണ് വില. ചൈനയില്‍നിന്ന് 130 വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരുന്നത്.
വിമാനങ്ങള്‍ വേണ്ടെന്ന് ചൈന നിലപാട് എടുത്തതോടെ ചൈനക്കെതിരെ 245 ശതമാനം തീരുവ ചുമത്തിയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് ചൈന 245 ശതമാനം തീരുവ നല്‍കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനനിര്‍മാണസാമഗ്രികളോ വാങ്ങരുതെന്ന് രാജ്യത്തെ വ്യോമയാനക്കമ്പനികള്‍ക്ക് ചൈന നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികാര നടപടി. ചൈനയുടെ വ്യാപാരനടപടികള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.
നേരത്തേ 145 ശതമാനം തീരുവയാണ് ചൈനയ്ക്ക് യുഎസ് ചുമത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 245 ആക്കി ഉയര്‍ത്തിയത്. 125 ശതമാനം തീരുവ ചൈന തിരിച്ച് ചുമത്തിയിരുന്നു.
ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കം ഏപ്രില്‍ രണ്ടിന് പ്രാബല്യത്തിലാകേണ്ടതായിരുന്നെങ്കിലും വിവിധ രാജ്യങ്ങള്‍ വ്യാപാരചര്‍ച്ചകള്‍ക്ക് സന്നദ്ധമായ സാഹചര്യത്തില്‍ ഇത് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍, ചൈനയെമാത്രം അതില്‍നിന്നൊഴിവാക്കി. വ്യാപാരചര്‍ച്ചകള്‍ക്കായി നിലവില്‍ 75-ഓളം രാജ്യങ്ങള്‍ സമീപിച്ചിട്ടുണ്ടെന്ന് യുഎസ് പറഞ്ഞു.
ശത്രുക്കളുമായുള്ള വ്യാപാരയുദ്ധത്തില്‍ അമേരിക്കയെയും കര്‍ഷകരെയും സംരക്ഷിക്കുമെന്നും സമൂഹമാധ്യമ പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടു.
ഇറക്കുമതി ചെയ്ത സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന ദേശീയ സുരക്ഷാ അപകടസാധ്യതയെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.