കണ്ണൂർ: പുതുവർഷത്തില്‍ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ. സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് ഒപ്പുവെച്ചു.
കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നായിരിക്കും സർവീസ്. മാർച്ചോടെ സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായാണ് കമ്ബനി മുന്നോട്ട് പോകുന്നത്.
പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കുറഞ്ഞ ചെലവില്‍ മികച്ച യാത്രാസൗകര്യം ഒരുക്കിയാല്‍ വിനോദസഞ്ചാരരംഗത്തും അത് പുതിയ ചുവടുവെപ്പുകളുണ്ടാക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
സേവനത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.
ദക്ഷിണ-മധ്യ ഇന്ത്യയിലെ ടയർ-രണ്ട്, ടയർ- മൂന്ന് വിമാനത്താവളങ്ങളിലാണ് എയർ കേരള ആദ്യം ശ്രദ്ധയൂന്നുക. അന്താരാഷ്ട്ര റൂട്ടില്‍ അനുമതിയായിക്കഴിഞ്ഞാല്‍ തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, യു.എ.ഇ., സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകള്‍ക്ക് മുൻഗണന നല്‍കാനാണ് കമ്ബനി അധികൃതരുടെ തീരുമാനം.
ആഭ്യന്തരമായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.